മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 25 ആയി. നാലു പേരെ കാണാതായി. പത്തു പേർക്കു പരുക്കേറ്റു. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (05.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05-08-2026) അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

