സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്

മംഗളൂരു: സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം.പി.റഹാൻ (19), കണ്ണൂർ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹർബാൻ (19), തൃശൂർ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിൻ (19) എന്നിവരാണ് പാണ്ഡേശ്വർ പൊലീസിന്റെ പിടിയിലായത്. ഒന്നാം വർഷ വിദ്യാർഥികളും മലയാളികളുമായ ജസീൻ ഖാദർ, പി.എസ്.ആദർശ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

ചൊവ്വാഴ്ച വൈകിട്ട് ജെപ്പു ഗുജ്ജരെക്കരെയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഇരുവരെയും സീനിയർ വിദ്യാർഥികളെത്തി അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നു. കോളജിൽ ഇരുവരും ഷൂസ് ധരിച്ച് എത്തിയതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇനി ഇത് ആവർത്തിക്കരുത് എന്നു പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ ഒരാളുടെ കഴുത്തിന് ഉൾപ്പെടെ പരുക്കേറ്റതോടെ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

6 പേർ ചേർന്നാണ് ആക്രമിച്ചതെന്നും ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *