ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുനേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നെതന്യാഹു സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി, ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നമ്മള്‍ ഒരുമിച്ച് ഇനിയും പ്രവര്‍ത്തിക്കും, എന്നാണ് നെതന്യാഹു എക്‌സിലെ പോസ്റ്റില്‍ കുറിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രിയില്‍ നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചതായി മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു നെതന്യാഹു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തതിന്റെ വിവിധ മേഖലകളെ കുറിച്ചും, അവയിലുണ്ടാകുന്ന പുരോഗതിയെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറിയതായും മോദി പറഞ്ഞിരുന്നു.
ഇരുരാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും സംസാരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയ നേതാക്കള്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനും ഇരുവരും സമ്മതിച്ചു.
പ്രതിരോധം, കൃഷി, നവീകരണം, സാങ്കേതികവിദ്യ, ജല മാനേജ്‌മെന്റ്, സൈബര്‍ സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ ആഴത്തിലുള്ള ബന്ധം പുലര്‍ത്തുന്നുണ്ട്. ഈ മേഖലകളിലെ സഹകരണം തുടരാനും ബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് നിലവില്‍ ധാരണയായിരിക്കുന്നത്.
മോദിയുടെ എക്‌സ് പോസ്റ്റ്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തതിന്റെ വിവിധ വശങ്ങളിലെ പുരോഗതി തങ്ങള്‍ അവലോകനം ചെയ്തു. അത് ശക്തിപ്പെടുത്തുകയും സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും തങ്ങളും കാഴ്ച്ചപ്പാടുകള്‍ കൈമാറി, എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. തുടര്‍ച്ചയായ സംഘര്‍ഷശം പ്രാദേശിക സുരക്ഷ, ഊര്‍ജ്ജ വിതരണം, ആഗോള വ്യാപാര പാതകള്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കുകയാണ്.

