കൊച്ചി: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ യാത്രക്കാരായ പുരുഷന്മാർക്ക് ‘സീറോ ടിക്കറ്റ്’ (സൗജന്യ ടിക്കറ്റ്) നൽകി ടിക്കറ്റ് തുക വെട്ടിച്ച കണ്ടക്ടർ പരിശോധനയിൽ കുടുങ്ങി. മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർ വിജയനെതിരെയാണ് അധികൃതർ നടപടിക്ക് ശിപാർശ ചെയ്തത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ വെച്ച് നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇവിടെ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോൾ അത് ‘സീറോ ടിക്കറ്റുകൾ’ ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, യാത്രാക്കൂലി കൃത്യമായി കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ഇരുവരും ഉദ്യോഗസ്ഥനെ അറിയിച്ചു.
സംശയം തോന്നിയ ഇൻസ്പെക്ടർ തുടർന്ന് ബസിനുള്ളിൽ കയറി മറ്റ് യാത്രക്കാരുടെ ടിക്കറ്റുകൾ കൂടി വിശദമായി പരിശോധിച്ചു. ഇതിൽ മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാനമായ രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി വ്യക്തമായി. ഇവരിൽ നിന്നും കണ്ടക്ടർ പണം ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ടിക്കറ്റ് മെഷീനിൽ സീറോ ടിക്കറ്റ് അടിച്ചെടുത്ത് യാത്രക്കാരിൽ നിന്നും പണം ഈടാക്കി കെ.എസ്.ആർ.ടി.സിയെ വഞ്ചിക്കുന്നതാണ് ഈ രീതി. അഞ്ച് പേരിൽ നിന്നായി പണം ഈടാക്കിയ ശേഷം സീറോ ടിക്കറ്റ് നൽകിയതായി ബോധ്യപ്പെട്ടതോടെയാണ് കണ്ടക്ടർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇൻസ്പെക്ടർ വിജിലൻസിന് റിപ്പോർട്ട് നൽകിയത്.

