കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. സുരമ്യ ബന്ധത്തിൽനിന്നു പിന്മാറാൻ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്കു പോകാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ സുരമ്യയെ ബൈക്കിൽ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. ബന്ധം പിരിയുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ പെട്ടെന്ന് ഷിബിൻ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു എന്നാണ് വിവരം.സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

