താനൂർ കസ്റ്റഡി കൊലപാതകം; ക്രൂരമർദനമേറ്റ താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്, ആശുപത്രിയിലെത്തിക്കുന്നതും വൈകിപ്പിച്ചു

മലപ്പുറം: വിവാദമായ താനൂരിൽ പൊലീസ് കസ്റ്റഡി കൊലപാതക കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയെ, ക്രൂര മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ പൊലീസുകാർ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജീപ്പിൽ കയറ്റിയിട്ടും ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചെന്നും പുറത്തുവന്ന് ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്. ഗുരുതരാവസ്ഥയിലായ താമിറിനെ ജീപ്പിൽ കയറ്റിയിട്ടും വീണ്ടും 5 മിനിറ്റിലധികം സമയം കളഞ്ഞ ശേഷമാണ് പൊലീസ് ജീപ്പ് സ്റ്റേഷൻ വിട്ടതെന്നും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ദേവദാർ പാലത്തിന് താഴെ നിന്നാണ് താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസിന്റെ എഫ്ഐആർ. എന്നാൽ, ഈ സമയമത്രയും താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. പൊലീസ് തയ്യാറാക്കിയ എഫ്ഐആറും മഹസ്സറുമെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

2023 ആഗസ്റ്റ് ഒന്നിന് പുലർച്ചെ 1.43നാണ് താമിർ ജിഫ്രിയെയും കൂട്ടരെയും താനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. അതിനു മുമ്പ്, ജൂലൈ 31 വൈകുന്നേരം അഞ്ച് മണിക്ക് ചേളാരിയിലെ ലോഡ്ജിൽ നിന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് താമിർ ജിഫ്രിയെ പിടികൂടിയത്. തുടർന്ന് താനൂർ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് രാത്രി മുഴുവൻ ക്രൂരമായി മർദിച്ച് അവശനാക്കുകയായിരുന്നു.

ക്വാർട്ടേഴ്സിലെ ക്രൂരമർദ്ദനത്തിന് ശേഷം പുലർച്ചെ 1.43-ന് അന്നത്തെ എസ്ഐ കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് താമിറിനെ കൈമാറി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ വെച്ച് അവശനായി കുഴഞ്ഞുവീണിട്ടും താമിറിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്നാണ് പുലർച്ചെ 4.18-ഓടെ പൊലീസുകാർ ചേർന്ന് താമിറിനെ താങ്ങിപ്പിടിച്ച് ജീപ്പിലേക്ക് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *