ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനേയും അമ്മയേയും മകന്‍ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: എഴുകുംവയില്‍ കൊടും ക്രൂരത. അച്ഛനേയും അമ്മയേയും മകന്‍ കുത്തിക്കൊലപ്പെടുത്തി. പാറത്തറയില്‍ ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 10 മണിയോടെയാണ് സംഭവം. മാതാപിതാക്കളെ അജീഷ് ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലടക്കം പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് വന്നതിന് ശേഷം വീണ്ടും ലഹരി ഉപയോഗിക്കുകയും വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തുരന്നുവെന്നും അറിയുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അച്ഛനെയും അമ്മയെയും അജീഷ് കുത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നെടുങ്കണ്ടത്തു നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി. വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ക്ക് ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യും. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *