ന്യൂഡൽഹി: നാട്ടാനകളെ ദിവ്യാവതാരമായി കണ്ട് അവക്ക് കരുതലും ആദരവും നൽകണമെന്ന് സുപ്രീംകോടതി. രാജ്യത്തെമ്പാടുമുള്ള നാട്ടാനകൾക്ക് ശരിയായ പരിചരണം നൽകി, ആരോഗ്യ പരിശോധനകൾ നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് പിന്നിലെ മതപരമായ അവകാശങ്ങളിലേക്കും വിശ്വാസത്തിലേക്കും കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ആനയുടെ ശരിയായ പരിപാലനമാണ് പ്രധാനം. സ്വകാര്യ വ്യക്തികൾ, ക്ഷേത്രങ്ങൾ, വനം വകുപ്പ്, കാഴ്ചബംഗ്ലാവ്, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ആനകളെ മികച്ച രീതിയിൽ പരിപാലിക്കണം. ഇക്കാര്യത്തിൽ നിർബന്ധ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിദഗ്ധ പരിചരണ സൗകര്യമുള്ള എലഫന്റ് ക്ലിനിക്കുകൾ സ്ഥാപിക്കാൻ ഫലപ്രദവും സുതാര്യവുമായ സൗകര്യങ്ങൾ സജ്ജമാക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആനകളുടെ ഉടമകൾ അവയുടെ ചെക്കപ്പിനായി ഇടക്കിടെ ഈ ക്ലിനിക്കുകളിൽ നിർബന്ധമായും കൊണ്ടുപോകണം. ഓരോ ആനക്കും കൃത്യമായ മെഡിക്കൽ റെക്കോഡ് സൂക്ഷിക്കണം, ആവശ്യം വരുമ്പോൾ ശരിയായ ചികിത്സ മുടക്കമില്ലാതെ നൽകാറുണ്ടെന്ന് നിരീക്ഷണ സമിതി ഉറപ്പുവരുത്തുകയും വേണം.
പരിസ്ഥിതി, വനം വകുപ്പിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച ഫെബ്രുവരി 25ലെ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നത്, രാജ്യത്തെ നാട്ടാനകളുടെ എണ്ണം 2725 ആയി വർധിച്ചെന്നാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ 1678 ആനകളാണുള്ളത്. 47 ആനകൾ സർക്കസുകാരുടെ കൈവശമുള്ളപ്പോൾ ക്ഷേത്രങ്ങളുടെ സ്വന്തമായി 96ഉം വനം വകുപ്പിന്റെ കൈവശം 768 ഉം ആനകളാണുള്ളത്. കാഴ്ചബംഗ്ലാവുകളിൽ 63ഉം പുനരധിവാസ കേന്ദ്രങ്ങളിൽ 332ഉം ആനകളുണ്ടെന്നാണ് കണക്ക്.

