എ.ഐ ട്രാക്കും സൈബർ വാളും: സ്മാർട്ട് പൊലീസിങ്ങിന് പുതിയ മുഖം

CyberWall: Kerala Police Launches AI-Powered Digital Shield to Protect Citizens from Cyber Fraud

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്‍റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമായി. റോഡപകടങ്ങൾ പ്രതിരോധിക്കാനായി വികസിപ്പിച്ച ‘എ.ഐ. ട്രാക്ക്’’, സ്മാർട്ട് പൊലീസിങ്ങിനുള്ള ‘ഇന്‍റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്‍റ് സിസ്റ്റം’, സൈബർ സുരക്ഷ ശക്തമാക്കാനുള്ള ‘സൈബർ വാൾ’ എന്നീ പദ്ധതികൾക്കാണ്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസ് ആസ്ഥാനത്ത് തുടക്കമിട്ടത്‌.

സർക്കാറിന്‍റെ നൂറുദിന പരിപാടികളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ സംവിധാനങ്ങൾ ആരംഭിച്ചതെന്ന്‌ ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൊലീസ് സേവനങ്ങൾ ലഭ്യമാക്കാനും സുരക്ഷ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. റോഡപകടങ്ങൾ കുറയ്ക്കാനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ വികസിപ്പിച്ച സംവിധാനമാണ് എ.ഐ. ട്രാക്ക്. റോഡുകളിലെ അപകടസാധ്യതകളെയും ഗതാഗത സാഹചര്യങ്ങളെയും സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി നൽകാനും കഴിയും. റോഡപകടങ്ങൾ പരമാവധി കുറക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. റോഡപകടങ്ങൾ പ്രതിരോധിക്കാനായി കേരള പൊലീസ് നടപ്പാക്കുന്ന ഏറ്റവും പ്രധാന ഇടപെടലുകളിലൊന്നാണ് എ.ഐ. ട്രാക്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ജനങ്ങളിലെത്തിക്കാനും പട്രോളിങ് സംവിധാനം കാര്യക്ഷമമാക്കാനുമാണ് ഇന്‍റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്‍റ് സിസ്റ്റം. പൊലീസ് പട്രോളിങ് സംവിധാനങ്ങളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കാൻ ഇതിലൂടെ കഴിയും. അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ ഇടപെടാനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനും സാധിക്കും. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനും സൈബർ സുരക്ഷ ശക്തിപ്പെടുത്താനുമായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് സൈബർ വാൾ. സൈബർ സുരക്ഷാ ബോധവത്കരണം, വിവര പരിശോധന, അടിയന്തര സഹായം തുടങ്ങിയ സേവനങ്ങൾ എ.ഐ സഹായത്തോടെ ലഭ്യമാക്കുന്ന ഡിജിറ്റൽ സെക്യൂരിറ്റി അസിസ്റ്റന്‍റായി സൈബർ വാൾ പ്രവർത്തിക്കും. കേരള പൊലീസിലെ ഉദ്യോഗസ്ഥരാണ് സംവിധാനം വികസിപ്പിച്ചത്. 600ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം പരിശീലനം നൽകിയെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *