​\'കുന്തിപ്പുഴയിലൂടെ വെള്ളമൊഴുകി, ഗോവിന്ദൻ ഇപ്പോഴും 70-കളിൽ\'; എം.വി. ഗോവിന്ദനെതിരെ പി.കെ. ശശി

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമായി സി.എം.പി നേതാവ് പി.കെ. ശശി. ലോകത്തുണ്ടായ മാറ്റങ്ങളൊന്നും തിരിച്ചറിയാതെ, 1970-കളിൽ പഠിച്ച കാര്യങ്ങളുമായി മാത്രമാണ് ഗോവിന്ദൻ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് കാഞ്ഞരപ്പുഴയിൽ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുപതുകളിൽ പഠിച്ചു വെച്ച കുറച്ചു കാര്യങ്ങൾ അല്ലാതെ പുതിയതൊന്നും ഗോവിന്ദന്റെ കൈവശമില്ലെന്ന് പി.കെ. ശശി പറഞ്ഞു. കുന്തിപ്പുഴയിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോയിട്ടും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സി.പി.എമ്മിന്റെ ‘ഓത്തുപള്ളി’യിലെ പഴയ ‘കിത്താബ്’ മാറ്റമില്ലാതെ ആവർത്തിച്ചു പറയുക മാത്രമാണ് അദ്ദേഹത്തിന്റെ രീതിയെന്നും ശശി പരിഹസിച്ചു.

സി.പി.എമ്മിന്റെ പഠനക്ലാസുകളുടെ നടത്തിപ്പിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സാധാരണക്കാർക്ക് പകുതി ദിവസം പോലും ക്ഷമയോടെ ഇരിക്കാൻ കഴിയാത്ത വിധത്തിലുള്ള അവസാനമില്ലാത്ത ക്ലാസുകളാണ് അവിടെ നടക്കുന്നത്. തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാദമിയിൽ 14 ദിവസം നീണ്ടുനിന്ന ഇത്തരം ക്ലാസിൽ പങ്കെടുത്ത സ്വന്തം അനുഭവവും അദ്ദേഹം വിവരിച്ചു. ഫോൺ ഉപയോഗിക്കാനോ, സ്വന്തം ഭാര്യയെയോ മക്കളെയോ വിളിച്ചു സംസാരിക്കാനോ പോലും അനുവാദമില്ലാത്ത തടവറ സമാനമായ അന്തരീക്ഷമാണ് ഇത്തരം ക്ലാസുകളിൽ ഉള്ളതെന്നും പി.കെ. ശശി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *