ബസിന്റെ ഹൈഡ്രോളിക് വാതിലില്‍ കഴുത്ത് കുടുങ്ങി ഏഴുവയസുകാരൻ മരിച്ചു; പോയത് ചന്തയിലേക്ക്

വീട്ടിൽ നിന്ന് ചന്തയിലേക്ക് എന്ന് പറഞ്ഞ് പോയ ബാലൻ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി മരിച്ചു. ഗുജറാത്തിലെ വഡോദരയ്ക്ക് സമീപമുള്ള ഒരു ഗാരേജിൽ ഉണ്ടായ അ‌പകടത്തിൽ ദിവ്യേഷ് രഥ്വ എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. ഗാരേജിന് പിൻവശത്തെ ലേബർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളുടെ മകനാണ് ദിവ്യേഷ്. ബുധനാഴ്ച വൈകുന്നേരം കടയിൽ പോകുകയാണെന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി ഗാരേജിന് സമീപം കളിക്കുന്നതിനിടെയാണ് അ‌പകടം ഉണ്ടായത്. കളിക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് ദിവ്യേഷ് കയറിയപ്പോൾ പെട്ടെന്ന് ബസ്സിന്റെ വാതിൽ അടയുകയും കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങുകയുമായിരുന്നു.

കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ബസ്സിന്റെ വാതിലിനിടയിൽ കുടുങ്ങിയ നിലയിൽ ദിവ്യേഷിനെ കണ്ടെത്തിയത്. ഗാരേജിലുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് ബസ്സിന്റെ വാതിൽ തള്ളിത്തുറന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്തെ സിസിടിവിയിൽ കുട്ടി ബസ്സിന് ചുറ്റും നടക്കുന്നത് കാണാം. എന്നാൽ ഏതാനും മിനിറ്റുകൾക്ക് ശേഷം ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി കുട്ടി തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാരേജിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവം നടക്കുമ്പോൾ ഗാരേജിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് ഉടമ പറഞ്ഞു. ഗാരേജിലെ തത്സമയ സിസിടിവി ദൃശ്യങ്ങൾ സഹോദരൻ പരിശോധിച്ചപ്പോഴാണ് കുട്ടി ബസ്സിന്റെ വാതിലിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാരെ വിവരമറിയിച്ച് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പോലീസ് പറയുന്നത്.

കുട്ടി ബസ്സിനടുത്തേക്ക് പോകുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതുമായ നിർണായക മിനിറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമാണ്. ഇത് സംഭവത്തിൽ ദുരൂഹത ഉണർത്തുന്നുണ്ട്. ഹൈഡ്രോളിക് ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് കുടുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മറ്റെന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നതടക്കം എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *