
തൃശ്ശൂർ: കേച്ചേരി തോളൂരിൽ ടെക്സ്റ്റൈൽസ് ഉടമയുടെ വീട് കുത്തി തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പറപ്പൂരില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന തോളൂര്‍ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് വൻ കവര്‍ച്ച നടന്നത്. വീടിന്റെ പിറകു വശത്തുകൂടിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടിന്റെ പുറകുവശത്തെ അടുക്കളയിലെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്ന് അകത്തുകടന്നതിനുശേഷം സ്വർണാഭരണങ്ങൾ അലമാര വെട്ടി പൊളിച്ചാണ് എടുത്തത്.
പിറകു വശത്തെ വാതില്‍ കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിന്റെ അകത്തേക്ക് കടന്നത് എന്നാണ് സൂചന.ഷക്കീറിന്റെ വീടിന്റെ പിൻഭാഗത്ത് റെയിൽവേ ട്രാക്ക് ആയതിനാൽ തന്നെ അധികം ആളുകൾ ഇവിടേക്ക് ശ്രദ്ധിക്കാറില്ല. അതിനാൽ മോഷ്ടാവ് ഇതുവഴി ആയിരിക്കാം വന്നതെന്ന് സൂചന. കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെ തുണിക്കടയിലെ തിരക്കിൽ സഹായിക്കുന്നതിനായി ഷക്കീറിന്റെ ഭാര്യയും മക്കളും ടെക്സ്റ്റൈൽസിൽ എത്തിയിരുന്നു.
പിന്നീട് അവർ തിരിച്ചെത്തിയത് രാത്രി ഒന്നരമണിക്കാണ്. ഇതിനിടയിലാണ് കവർച്ച നടന്നത്. വീട്ടിൽ തിരിച്ചെത്തുമ്പോൾ വാതിലുകൾ കുത്തിത്തുറന്ന നിലയിലും അലമാരകൾ പൊളിച്ച് സാധനങ്ങൾ എല്ലാം വലിച്ചുവാരി പുറത്തിട്ട നിലയിലും ആയിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ എല്ലാം കവർന്ന വിവരം മനസ്സിലാക്കുന്നത്. വീട്ടുകാരെല്ലാം പുറത്താണെന്ന് മനസ്സിലാക്കിയ ശേഷമാണ് കവർച്ച നടന്നത്. വീട്ടുകാരെക്കുറിച്ചും വീടും പരിസരത്തെയും കുറിച്ച് വ്യക്തമായ ബോധമുള്ളയാളാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി കരുതിവെച്ച സ്വർണമാണ് നഷ്ടപ്പെട്ടത്.മോഷണ വിവരം അറിഞ്ഞ് പേരമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആണ് റിപ്പോർട്ട്.







