‘ഓപറേഷൻ തൂഫാൻ’ ബെവ്കോക്ക് തുണയായി; റെക്കോഡ് മദ്യവിൽപന

തിരുവനന്തപുരം: ലഹരിയുടെ വേരറുക്കാന്‍ കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപറേഷന്‍ തൂഫാന്‍’ ബിവറേജസ് കോർപറേഷന് (ബെവ്കോ) ഗുണമായി. സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങിയ ബെവ്കോയുടെ മദ്യവിൽപന വർധിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്നിനെ ആശ്രയിച്ചിരുന്നവർ അതുപേക്ഷിച്ച് മദ്യത്തിലേക്ക് തിരിഞ്ഞെന്നാണ് മദ്യവിൽപന കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളും പറഞ്ഞു.

ആഗസ്റ്റ് 18 മുതല്‍ 20 വരെയുള്ള മൂന്നുദിവസം മാത്രം ബൈവ്‌കോ ഔട്ട് ലെറ്റുകളിലൂടെ 232.99 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിൽ വിൽപന 209.89 കോടിയായിരുന്നു. ഇത്തവണ 23.1 കോടിയുടെ വര്‍ധന. വില്‍പനയില്‍ പെരിന്തല്‍മണ്ണ ഔട്ട്ലറ്റാണ് മുന്നില്‍-90 ലക്ഷം. തിരൂര്‍-78 ലക്ഷം, കുട്ടിപ്പാലം-64 ലക്ഷം, ചാലക്കുടി-62 ലക്ഷം, ചേര്‍ത്തല-62 ലക്ഷം എന്നിങ്ങനെയാണ് ഏറ്റവും മുന്നില്‍ വില്‍പന നടന്ന ബെവ്‌കോ ഔട്ട്ലറ്റുകൾ. ആദ്യ രണ്ടുദിനങ്ങളില്‍ 153.18 കോടിയുടെ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളിലെ വില്‍പന 129.43 കോടിയായിരുന്നു. ആദ്യ രണ്ടു ദിവസങ്ങളില്‍ 23.75 കോടിയുടെ വര്‍ധനയുണ്ടായി.

മദ്യവില്‍പനയിലെ വര്‍ധന തൂഫാന്‍റെ വിജയമാണെന്നാണ് സംസ്ഥാന പൊലീസ് വൃത്തങ്ങൾ പറയുന്നത്. മയക്കുമരുന്ന് വസ്തുക്കളുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ട്. ലഹരി വസ്തുക്കള്‍ കിട്ടാതായതോടെ പലരും മദ്യത്തിലേക്ക് തിരിഞ്ഞെന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രധാന വരുമാന സ്രോതസ്സായ ബെവ്‌കോക്ക് ഇത്തവണത്തെ ഓണം ലാഭകരമാകില്ലെന്ന വിലയിരുത്തലിനിടെയാണ് വരുമാനം വർധിച്ചത്. ഗ്യാലനേജ് ഫീസിലൂടെയുണ്ടായ 400 കോടിയുടെ നഷ്ടമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഓണത്തിന് 12 ദിവസംകൊണ്ട് ബെവ്‌കോ വിറ്റത് 920 കോടിയുടെ മദ്യമാണ്. 2024നെ അപേക്ഷിച്ച് 9.34 ശതമാനം വർധനയാണ് കഴിഞ്ഞവര്‍ഷമുണ്ടായത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് ബെവ്‌കോ 124.10 കോടി ലാഭത്തിലായിരുന്നു ബെവ്കോ. എന്നാല്‍, ഗ്യാലനേജ് ഫീസ് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാര്‍ച്ച് 31ന് 281.95 കോടി നഷ്ടത്തിലായി. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സർക്കാറിലേക്ക് 406 കോടി അടക്കേണ്ടിവന്നതാണ് നഷ്ടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *