ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച; തിരുവോണ നാളില്‍ പുലര്‍ച്ചെ നാലരയ്ക്ക് ഓണപ്പുടവ സമര്‍പ്പണം

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച. രാവിലെ ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം. സ്വര്‍ണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും.

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്തുകൂടി വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യല്‍ ദര്‍ശനം നിയന്ത്രിക്കും. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.

തിരുവോണ നാളില്‍ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *