
കൊട്ടിയൂർ: കണ്ണൂർ ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാതയായ കൊട്ടിയൂർ -പാൽച്ചുരം -ബോയ്സ് ടൗൺ റോഡിൽ വൻ മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്.
ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിടുംപൊയിൽ -പേരിയ ചുരംപാത വഴിയാണ് നിലവിൽ കടത്തിവിടുന്നത്.
അതിനിടെ, ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ ഫലമായി ആഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്നു ജില്ലകളിൽ ജാഗ്രത നിർദേശം തുടരുന്നു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ 25ന് രാവിലെ 11.30 വരെ ഒന്നു മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.







