
തൊടുപുഴ: ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം കാണാൻ സഞ്ചാരികൾക്ക് വന്നുതുടങ്ങാം. ബൈസൺവാലി പഞ്ചായത്തിന്റെ അതിർത്തിയിലെ ചൊക്രമുടി നീലക്കുറിഞ്ഞി ഉദ്യാനം സഞ്ചാരികൾക്കായി തിങ്കളാഴ്ച തുറന്നുനൽകി. തിങ്കളാഴ്ച രാവിലെ 11ന് ചൊക്രമുടി ബൈസൺ ട്രയൽ ട്രെക്കിങ് സെന്ററിൽവെച്ച് നടന്ന ചടങ്ങിൽ മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അഭയ് യാദവാണ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. സമുദ്രനിരപ്പിൽനിന്ന് 2195 മീറ്റർ ഉയരത്തിലാണ് ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.
ചൊക്രമുടിയിൽ മൂന്ന് കിലോമീറ്റർ ട്രക്കിങ് പാത ഉണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് നിലവിൽ 500 മീറ്റർ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായി നീലനിറമണിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. കെ.എസ്.ആർ.ടി.സി ഇവിടേക്ക് ഷട്ടിൽ സർവിസുകളും ആരംഭിച്ചിട്ടുണ്ട്. ഒരാൾക്ക് 200 രൂപയാണ് വനം വകുപ്പ് ഇവിടെ പ്രവേശന ഫീസായി നിലവിൽ ഈടാക്കുന്നത്. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പ്രവേശിക്കുന്നത്.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വിരിഞ്ഞിരിക്കുന്നത്. മഴ പൂർണമായും മാറി, നല്ല വെയിൽ തെളിയുമ്പോഴായിരിക്കും ചൊക്രമുടിയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക. ചൊക്രമുടി കൂടാതെ മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടുമല എന്നിവിടങ്ങളിലാണ് ഇത്തവണ വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുമെന്ന് പ്രതീക്ഷിക്കുന്നത്. ചിന്നക്കനാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മലകളിലും വ്യാപകമായിട്ടല്ലെങ്കിലും കുറിഞ്ഞി പൂവിട്ടു തുടങ്ങിയിട്ടുണ്ട്. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുഹൈബ് പി.ജെ. മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സി.പി. അനീഷ്, മൂന്നാർ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സിബിൻ എൻ.റ്റി., മൂന്നാർ ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ.വി., ഇടുക്കി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വിപിൻദാസ് പി.കെ., കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ മണി എസ്. എന്നിവർ തിങ്കളാഴ്ച നടന്ന ചടങ്ങിൽ സംസാരിച്ചു.







