യുവതിയെ കൊലപ്പെടുത്തി ബിരിയാണിച്ചെമ്പിൽ അടച്ച സംഭവം: വിവരങ്ങൾ പുറത്ത്

ചെന്നൈ: ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയും പ്രതിയും തമ്മിലുള്ള ബന്ധം പ്രതിയുടെ പങ്കാളി മനസിലാക്കിയതിനെ തുടർന്നെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ പങ്കാളി ഭഗവതി മാജി എന്നിവരെ കഴിഞ്ഞദിവസം മണിപ്പുരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

താംബരത്തിനു സമീപം ഗുഡുവാഞ്ചേരിയിലാണ് യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പെട്ടിയിലാക്കി ട്രെയിനിൽ ഉപേക്ഷിക്കുകയും തല ഒഴികെയുള്ളവ ബിരിയാണിച്ചെമ്പിൽ അടയ്ക്കുകയും ചെയ്തത്. ഓഗസ്റ്റ് 5നാണു ചെന്നൈയിൽനിന്നു ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ശരീര ഭാഗങ്ങളടങ്ങിയ പെട്ടി കണ്ടെത്തിയത്. അന്വേഷണത്തിൽ, ഗുഡുവാഞ്ചേരിയി‍ലെ വീട്ടിൽ ബിരിയാണിച്ചെമ്പിൽ അടച്ച നിലയിൽ ബാക്കി മൃതദേഹ ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

ഭർത്താവിനോടും കുടുംബത്തോടും അകന്നു കഴിഞ്ഞിരുന്ന ഹയാതുൻ നിഷ ഗുഡുവാഞ്ചേരിയിൽ മാണിക് ഉദീന്റെയും ഭഗവതി മാജിയുടെയും ഒപ്പമായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു നിഷ. ഹയാതുൻ നിഷയും മാണിക് ഉദീൻ ലാസ്കറും തമ്മിലുള്ള വഴിവിട്ട ബന്ധം ഭഗവതി മാജി കണ്ടുപിടിക്കുകയും ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി നൽകിയ മൊഴിയെന്നാണ് വിവരം. അതേസമയം, നിഷയുടെ തല കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *