
കൊച്ചി: ഭാര്യയാണെങ്കിൽപോലും 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായുള്ള ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് ഹൈകോടതി. 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരം ഭാര്യയായാലും കുട്ടിയായാണ് കണക്കാക്കുകയെന്നും അവരുമായുള്ള ശാരീരിക ബന്ധം കുറ്റകരമാണെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
മുസ്‍ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ച പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോൾ 2021 ഒക്ടോബറിലാണ് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത്.
മുസ്‍ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിനോട് സമ്മതിച്ചതാണെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, പ്രഥമദൃഷ്ട്യ ഹരജിക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകൃത്യമാണെന്നും കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കിയ കോടതി, ഹരജി തള്ളി. മുസ്‍ലിം മതാചാര പ്രകാരം വിവാഹം നടത്തിയാലും കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് കോടതി പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്‍റെ ലക്ഷ്യം. ഭാര്യയാണെങ്കിൽ 15നും 18നുമിടയിൽ പ്രായമുള്ളവരുമായുള്ള ശാരീരിക ബന്ധത്തിൽ ബലാത്സഗക്കേസ് നിലനിൽക്കില്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ് സുപ്രീം കോടതിയുടെ 2017ലെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
