
ഓഗസ്റ്റ് 31 ഓടെ രാജ്യത്തെ പലകാര്യങ്ങളിലും മാറ്റം സംഭവിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ സാധാരണക്കാരെ ഉള്‍പ്പെടെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളില്‍ മാറ്റമുണ്ട്. വില വര്‍ധനവ് മുതല്‍ നിയമങ്ങള്‍ വരെയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സെപ്റ്റംബര്‍ ഒന്നോടെ സാമ്പത്തിക, ഗാര്‍ഹിക, യാത്രാ സംബന്ധമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഒന്നാം തീയതി മുതല്‍ സംഭവിക്കാന്‍ പോകുന്ന നിയമമാറ്റങ്ങളെ കുറിച്ച് വിശദമായി അറിയാം.
അന്താരാഷ്ട്ര യാത്രാ നിയമം
2026 സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസുകള്‍ സ്റ്റാമ്പ് ചെയ്യേണ്ടതില്ല. യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇലക്ട്രോണിക് ബോര്‍ഡിങ് പാസ് ഉപയോഗിച്ച് യാത്ര നടത്താം. ഇത് പ്രിന്റ് ചെയ്തും കൊണ്ടുപോകാവുന്നതാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നതാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ യാത്രക്കാര്‍ എയര്‍ലൈനിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.
എയർ ടർബൈൻ ഇന്ധന (ATF) വില
വിമാന ഇന്ധന വില ഒന്നാം തീയതി പുതുക്കുന്നത് വിമാന ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിച്ചേക്കാം. ഉത്സവ സീസണുകളിലെ യാത്രാച്ചെലവിൽ ഇത് മാറ്റമുണ്ടാക്കും.
ക്രെഡിറ്റ് കാർഡ് & ബാങ്കിംഗ് ചട്ടങ്ങൾ
വിവിധ പ്രമുഖ ബാങ്കുകൾ (HDFC, SBI, ICICI മുതലായവ) ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്കുള്ള ചാർജുകൾ, ലേറ്റ് പേയ്‌മെന്റ് ഫീസ് എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു.
ചില ബാങ്കുകൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള വാടക പേയ്‌മെന്റുകൾക്ക് അധിക സർവീസ് ചാർജ് ഈടാക്കി തുടങ്ങും.
പാലിന് വില വര്‍ധിക്കും
സെപ്റ്റംബര്‍ 1 മുതല്‍ മുംബൈയില്‍ പാലിന് വില വര്‍ധിക്കും. മുംബൈയിലെ പ്രാദേശിക ഫാമുകളും ക്ഷീരകര്‍ഷകരും വിതരണം ചെയ്യുന്ന എരുമപ്പാലിനാണ് സെപ്റ്റംബര്‍ 1 മുതല്‍ വില വര്‍ധിക്കുന്നത്. ലിറ്ററിന് 9 രൂപ വര്‍ധിപ്പിച്ച് 93ല്‍ നിന്ന് 102ലേക്ക് വില ഉയര്‍ത്തിയതായി ബോംബെ പാല്‍ ഉത്പാദകരുടെ അസോസിയേഷന്‍ പ്രസ്താവന പുറത്തിറക്കി. പുതുക്കിയ വില 2027 ഫെബ്രുവരി 20 വരെ പ്രാബല്യത്തിലുണ്ടാകും.
വിതരണക്കാര്‍, സ്ഥലം, വില്‍പനക്കാരന്‍ എന്നിവയെ ആശ്രയിച്ച് ചില്ലറ വില്‍പന നിരക്കില്‍ വ്യത്യാസമുണ്ടായേക്കാം. ചിലയിടങ്ങളില്‍ ലിറ്ററിന് ഏകദേശം 110 മുതല്‍ 112 വരെയാണ് ചില്ലറ വില്‍പനയ്ക്ക് ഈടാക്കുന്നത്. കന്നുകാലിതീറ്റ, കാലിത്തീറ്റ, ഗതാഗതം, തൊഴിലാളികളുടെ ചെലവ്, മറ്റ് ചെലവുകള്‍ എന്നിവ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം.
ഐടിആര്‍ ഫയലിങ്
2026-27 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രധാന തീയതി ഓഗസ്റ്റ് 31 ഓടെ അവസാനിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 31 വരെയുള്ള കാലാവധിയെ കുറിച്ചും വൈകി ഫയല്‍ ചെയ്യുന്നവര്‍ക്ക് സെക്ഷന്‍ 234F പ്രകാരം ബാധകമായ ഫീസിനെ കുറിച്ചും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
തങ്ങളുടെ വരുമാനം, വരുമാനതരം, ഓഡിറ്റ് ആവശ്യകതകള്‍, അവര്‍ക്ക് ബാധകമായ ഐടിആര്‍ ഫോം എന്നിവയെ അടിസ്ഥാനമാക്കി ഫയലിങ് സമയപരിധി നികുതിദായകര്‍ നിര്‍ണയിക്കണം. ബിസിനസ്, പ്രൊഫഷണല്‍ നികുതിദായകര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് പരിധിയില്‍ വരുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
എല്‍പിജി ഇ കെവൈസി
ആധാര്‍ അധിഷ്ഠിത ഇ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതിയും ഓഗസ്റ്റ് 31ന് അവസാനിച്ചു. ഇ കെവൈസി പൂര്‍ത്തിയാക്കാത്ത ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഇനിയും ഇകെവൈസി ചെയ്യാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ അവരുടെ എല്‍പിജി വിതരണക്കാരെ ബന്ധപ്പെടേണ്ടതാണ്.
