കോഴിക്കോട് കട കുത്തിത്തുറന്ന് 92 ഐഫോണുകൾ ഒറ്റയടിക്ക് കവർന്നു; അന്വേഷണം ഊർജിതം

കോഴിക്കോട് നാദാപുരത്ത് മൊബൈൽ കട കുത്തിത്തുറന്ന് 92 ഐഫോണുകളും പണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുചക്രവാഹനത്തില്‍ രണ്ട‌ുപേർ കടയുടെ പരിസരത്തെത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ മേക്കുന്ന് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

നാദാപുരം ടൗണിലെ ബംഗ്ലത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വില്ല്യാപിള്ളി സ്വദേശി റിയാസിന്റെ ഇ-സിറ്റി ആപ്പിൾ പ്രോ സ്റ്റോറിലാണ് വൻ കവർച്ച നടന്നത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92 പുതിയ ഐഫോണുകളും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 60,600 രൂപയുമാണ് കട കുത്തിത്തുറന്ന് കവർന്നത്. ശനിയാഴ്ച രാവിലെ ജീവനക്കാരും സമീപത്തെ കടക്കാരും എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കവർച്ചയിൽ 75 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കടയുടമ പരാതിയിൽ പറയുന്നു

കടയുടെ മുൻവശത്തെ ഗ്ലാസ് മാറ്റിയ ശേഷം ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകളുടെ ഡി.വി.ആർ. കവർച്ചാസംഘം അഴിച്ചുമാറ്റി കൊണ്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി വലിയ തോതിൽ പുതിയ ഐഫോണുകൾ അടുത്തിടെ കടയിലെത്തിച്ചിരുന്നു. ഐഫോൺ 15, 16, 17 പ്രോ, 17 പ്രോ മാക്സ് വിഭാഗങ്ങളിലെ ഫോണുകളാണ് മോഷണം പോയത്.

നാദാപുരം ഡിവൈ.എസ്.പി. പി.എൻ. മനോജിന്റെ മേൽനോട്ടത്തിൽ ഐ.പി. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *