Abhinandan Varthaman : യാത്രാ വിമാനം പറത്താൻ അഭിനന്തൻ വർധമാൻ, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

ഇന്ത്യയിലേക്ക് കടന്നു കയാറാൻ ശ്രമിച്ച പാക് വിമാനത്തെ പിന്തുടർന്ന് തുരത്തിയോടിച്ച ദൗത്യത്തിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ വർദ്ധമാൻ ഇനി കൊമേഴ്സ്യൽ വിമാനം പറത്തും. ഗോവ ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനിയായ ഫ്ലൈ 91 ൽ കൊമേഴ്‌സ്യൽ പൈലറ്റായി ചേർന്നു. ഓഗസ്റ്റിലാണ് അദ്ദേഹം വിമാനക്കമ്പനിയിൽ ചേർന്നതെന്നും നിലവിൽ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗോവ- ഹൈദരാബാദ് റൂട്ടിലാണ് അഭിനന്തൻ നിലവിൽ പരിശീലനം നടത്തിവരുന്നത് എന്നാണ് റിപ്പോർട്ട്. ആവശ്യമായ പരിശീലനവും മറ്റ് കടമ്പകളും അനുമതികളും പൂർത്തിയാക്കി കഴിഞ്ഞാൽ വൈകാതെ തന്നെ കൊമേഴ്സ്യൽ പൈലറ്റിന്റെ റോളിൽ അഭിനന്തനെ കാണാം. ഫ്ലൈ 91 എയർലൈനുമായുള്ള അദ്ദേഹത്തിന്റെ സഹകരണം സ്ഥിരീകരിച്ചെങ്കിലും, പരിശീലനത്തെക്കുറിച്ചോ ഭാവിയിലെ വിമാന സർവീസ് ഷെഡ്യൂളിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിൽ ഉള്ള വിനമാന കമ്പനിയാണ് ഫ്ലൈ 91.

2019 ഫെബ്രുവരി 27-ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വ്യോമ ഏറ്റുമുട്ടലിന് ശേഷമാണ് അഭിനന്തൻ വർദ്ധമാൻ രാജ്യത്തിന്റെ ഹീറോ ആയി മാറിയത്. സംഘർഷ സാഹചര്യത്തിനിടെ ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനത്തെ മിഗ്-21 ബൈസൺ വിമാനം കൊണ്ട് പിന്തുടർന്ന് തുരത്തുകയായിരുന്നു. ഈ ദൗത്യത്തിനിടെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്ന അദ്ദേഹം പാകിസ്ഥാൻ പ്രദേശത്താണ് ഇറങ്ങിയത്.ശേഷം പാകിസ്ഥാൻ സേന അദ്ദേഹത്തെ പിടികൂടുകയും മൂന്ന് ദിവസത്തോളം തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. തുടർന്ന് മാർച്ച് 1 ന് മോചിതനാവുന്നത്. തുടർന്ന് 2021-ൽ, യുദ്ധകാലത്തെ ധീരതയ്ക്കുള്ള ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന ബഹുമതിയായ വീർ ചക്ര നൽകി അഭിനന്തൻ വർധമാനെ ​രാജ്യം ആദരിച്ചു.

2019 ഫെബ്രുവരി 14- ന് കശ്മീരിലുണ്ടായ പുൽവാമ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആക്രമണം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസമാണ് അഭിനന്ദൻ ഉൾപ്പെട്ട വ്യോമ പോരാട്ടം നടന്നത്. ഏറെ ഉദ്വേ​ഗം നിറഞ്ഞ സംഭവ വികാസങ്ങളാണ് ഇതിനെ തുടർന്ന് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *