കോഴിക്കോട് ചേവായൂരിൽ  കാർ കത്തി വാഹന–വസ്തു ഇടപാടുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല !

കോഴിക്കോട്∙ ചേവായൂരിൽ ബുധനാഴ്ച പുലർച്ചെ കാർ കത്തി വാഹന–വസ്തു ഇടപാടുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. പുലർച്ചെ നാലിനും നാലരയ്ക്കും ഇടയിലാണ് ഇറക്കം ഇറങ്ങിവന്ന കാർ മതിലിൽ ഇടിച്ചു കത്തിയത്. സംഭവത്തിൽ ചേവായൂർ മേലേ നടുക്കണ്ടി സൗപർണികയിൽ സി.പി.സുധാകരൻ (65) ആണ് മരിച്ചത്.

എന്നാൽ കാർ തീപിടിച്ച സ്ഥലത്തിനു സമീപത്ത് അഞ്ച് ലീറ്റർ ഇന്ധനം ഉൾക്കൊള്ളാനാകുന്ന പെട്രോൾ കന്നാസ് ലഭിച്ചതാണു സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. ഇതിനിടെ തീപിടിത്തത്തിനു മുൻപ് കാർ കുറഞ്ഞ വേഗത്തിലാണു സഞ്ചരിച്ചതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. തീപിടിത്തം ഉണ്ടായ സ്ഥലത്തിനു തൊട്ടടുത്തുള്ള നെല്ലിക്കോട് വ്യാവസായിക കേന്ദ്രത്തിലെ ഒരു ഫാക്ടറിയുടെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

ഇതോടെ സ്വാഭാവിക അപകടമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സ്ഥലത്തെത്തിയ ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദ്ഗധരും ഡോഗ് സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസുമായി ചേർന്നാണ് അന്വേഷണ വിവരങ്ങൾ ഏകോപിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയും സ്ഥലം സന്ദർശിച്ച് അന്വേഷണ വിവരങ്ങൾ വിലയിരുത്തി.

കൊയിലാണ്ടിയിൽ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടു പോകുന്നുവെന്നാണു സുധാകരൻ വീട്ടിൽ അറിയിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയത്. വീട്ടിൽ നിന്നിറങ്ങി പോയതിനു പിന്നാലെയാണ് കാർ കത്തിയത്. വിവരമറിഞ്ഞ് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. മൃതദേഹ അവശിഷ്ടങ്ങളിൽനിന്ന് ഡിഎൻഎ സാംപിളുകൾ ഫൊറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *