
കാക്കനാട്: കോളജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിൽ ബി.ബി.എ വിദ്യാർഥി അറസ്റ്റിൽ. രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി തിരുവനന്തപുരം സ്വദേശി ശ്രീഹരിയാണ് പിടിയിലായത്.
കെ.എസ്.യു യൂനിറ്റ് മീഡിയ കോഓഡിനേറ്ററും വിഡിയോ എഡിറ്ററുമാണ് ശ്രീഹരിയെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒരുമാസം മുമ്പാണ് മീഡിയ കോഓഡിനേറ്ററാക്കിയതെന്നും ഇങ്ങനെ ഒരുസംഭവം അറിഞ്ഞതോടെ പുറത്താക്കിയെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു.
കോളജിലെ പരിപാടികളുടെ വിഡിയോ ഷൂട്ട് ചെയ്യുകയും ഇതിൽനിന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും ഫോട്ടോയെടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. അന്വേഷണത്തിൽ ഇയാളുടെ മൊബൈലിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. തുടർന്ന് ശ്രീഹരിയെ കോളജില്‍നിന്ന് പുറത്താക്കി. പിന്നീട് മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ സൈബർ പൊലീസിന്റെ സഹായം തേടിയതായി കോളജ് അധികൃതർ പറഞ്ഞു.
സംഭവത്തിൽ, ശ്രീഹരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും രക്ഷിതാവിനൊപ്പം പോകാൻ കോളജ് അധികൃതർ അനുവദിച്ചെന്നും മറ്റും ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പാലിന്റെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
