വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തര്‍ക്കം: പത്തനംതിട്ടയില്‍ സഹോദരന്റെ വാരിയെല്ലുകള്‍ അനുജന്‍ ചവിട്ടിയൊടിച്ചു

പത്തനംതിട്ട: വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മൂത്ത സഹോദരനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അനുജന്‍ അറസ്റ്റില്‍. ഓമല്ലൂര്‍ പുത്തന്‍പീടിക ഐമാലി കുറ്റിയില്‍ വീട്ടില്‍ ഷാജിയെ (45) ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ സന്തോഷ് (50) ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഷാജി വളര്‍ത്തുന്ന നായയെ അന്ന് രാവിലെ ആരോ അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പുറത്തുപോയി തിരിച്ചെത്തിയ നായയുടെ ദേഹത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ മുറിവുകള്‍ കണ്ടതാണ് തര്‍ക്കത്തിന് കാരണമായത്. ജ്യേഷ്ഠന്‍ സന്തോഷാണ് നായയെ അഴിച്ചുവിട്ടതെന്നും ഇതാണ് അതിന് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നും ആരോപിച്ചായിരുന്നു ആക്രമണം.

വാക്കുതര്‍ക്കത്തിനിടെ സന്തോഷിനെ നിലത്തുതള്ളിയിട്ട് ക്രൂരമായി മര്‍ദിക്കുകയും വാരിയെല്ലുകള്‍ ചവിട്ടിയൊടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സന്തോഷിന്റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു. കൂടാതെ, കൈവശമുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് മുഖത്തും ശരീരത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സന്തോഷിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചത്.

പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് എബ്രഹാം, ആന്‍സുദീന്‍, പോലീസുദ്യോഗസ്ഥരായ അല്‍സാം, വിജേഷ്, സുബിന്‍, മിഥുന്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *