
വാഷിങ്ടണ്‍: ഇറാനെ നേരിടാന്‍ വലിയ പദ്ധതികള്‍ ട്രംപ് ഭരണകൂടം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിച്ചതിന് ശേഷം പശ്ചിമേഷ്യയോടുള്ള യുഎസ് സമീപനം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുന്ന വിശാലയ റിപ്പോര്‍ട്ട് തയാറാക്കുന്നതായി ആക്‌സിയോസ് പറയുന്നു. ഇറാനെ നിയന്ത്രിക്കുന്നതിനും ഇസ്രായേലിനെ അയല്‍രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കുന്നതിനും ഒരു പ്രാദേശിക മുന്നണി സൃഷ്ടിക്കുന്നതിനാണ് യുഎസ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ പശ്ചിമേഷ്യയ്ക്കായി ഇതിലും വലിയ കാര്യം ചെയ്യാനുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇതിനായി തന്റെ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം. യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് മുതിര്‍ന്ന ഉപദേഷ്ടാക്കളും യുഎസ് സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തന്ത്രം മെനയുന്നത്.
പശ്ചിമേഷ്യയ്ക്കായുള്ള പദ്ധതി മൂന്ന് ഭാഗങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തേതില്‍ മേഖലയിലെ യുഎസ് സഖ്യകക്ഷികളെ ഇറാനുമായി അടുപ്പിക്കുക എന്നതാണ്. ഇതില്‍ അമേരിക്ക സുരക്ഷാ ഗ്യാരണ്ടിയായി പ്രവര്‍ത്തിക്കും. 2023 ഒക്ടോബര്‍ ഏഴിലെ ഗാസ ആക്രമണത്തെ തുര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അവസാനിപ്പിക്കുന്നതിനുള്ള വഴികളും ട്രംപ് ഭരണകൂടം നോക്കുന്നുണ്ട്.
ട്രംപ് മുന്നോട്ടുവെച്ച ഗാസ പദ്ധതിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതാണ് രണ്ടാം ഘട്ടം. ഇസ്രായേലിനും സിറിയയ്ക്കും ഇടയില്‍ ഒരു സുരക്ഷാ ക്രമീകരണത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യുകയും നിലവിലുള്ള ഇസ്രായേല്‍-ലെബനന്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ഈ ഘട്ടത്തില്‍ സംഭവിച്ചേക്കാം.
അബ്രഹാം കരാറുകള്‍ വികസിപ്പിക്കുകയാണ് മൂന്നാം ഘട്ടം, ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ഒരു കരാര്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും. സൗദി-ഇസ്രായേല്‍ കരാര്‍ സംഭവിക്കുകയാണെങ്കില്‍ അത് ട്രംപിന് വലിയ നേട്ടമായിരിക്കും.
അതേസമയം, ഒക്ടോബര്‍ 27നാണ് ഇസ്രായേലില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സര്‍ക്കാര്‍ അമേരിക്കയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും ട്രംപിനുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായേക്കാം. തിരഞ്ഞെടുപ്പിനിടെയാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രംപിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നത്. വരും ആഴ്ചകളില്‍ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം
