
കയ്പമംഗലത്ത് ലോറിയിൽ കാറിടിച്ചു കയറി എട്ടുപേർ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും അപകടം. ശനിയാഴ്ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു. റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് ( 3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ – കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12നാണ് അപകടം.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബം. ഫോൺ വന്നപ്പോൾ റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഇടിച്ചതിനെ തുടർന്നു ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം അകലെ തെറിച്ചുവീണു. ഇടിച്ച ബൈക്ക് തെറിച്ചുവീണു സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമർ തകർന്നു. വൈദ്യുതി കമ്പി പൊട്ടി വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാറിലുണ്ടായ യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി.
വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് എട്ടു പേർ മരിച്ചിരുന്നു. ഡിണ്ടിഗൽ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ വി.വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണൻ, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജെ.ജോഷ്വ ഹിൽസൺ, എൻ.ജീവ എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. സന്തോഷ് പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിനാണ് സംഘം യാത്ര പുറപ്പെട്ടത്. സന്തോഷിന്റെ കാർ ലഭിക്കാത്തതിനാൽ ഒരു മാസം പഴക്കമുള്ള റെന്റ് എ കാറിലായിരുന്നു യാത്ര.
