
തൃശൂർ ∙ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നഴ്സായ മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിലെ യഥാർഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
Woman death has been reported in Thrissur, where a nurse was found dead at her marital home with burn injuries. Police are investigating the incident, with initial conclusions pointing towards suicide, as the woman was alone at home at the time.
