
കൊല്ലം: നഗരത്തിലെ പ്രധാന സിനിമ തിയറ്ററുകൾക്കുള്ളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ വിവിധ വകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ. ആർ.പി മാളിൽ പ്രവർത്തിക്കുന്ന മൈ സിനിമാസ്, ബിഷപ് ജെറോം നഗറിൽ പ്രവർത്തിക്കുന്ന ജിമാക്സ് എന്നീ തിയറ്ററുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഭക്ഷണവിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതിൽ ഞെട്ടിപ്പിക്കുന്ന വീഴ്ചകൾ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷ വകുപ്പ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരാണ് മിന്നൽ പരിശോധന നടത്തിയത്. ആർ.പി മാളിലെ മൈ സിനിമാസിൽ ആണ് ഭക്ഷണം സൂക്ഷിച്ചതിൽ ഗുരുതരവീഴ്ചകൾ കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ച പാൽ പാക്കറ്റുകൾ കാലാവധി കഴിഞ്ഞതായിരുന്നു.
ഫ്രീസറിൽ തുറന്ന നിലയിൽ വലിയ കാർട്ടനുകളിൽ സൂക്ഷിച്ച ഐസ്ക്രീമിൽ മുടിയും പ്രാണികളും കിടക്കുന്ന നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരത്തിൽ വൃത്തിഹീനമായ പ്രവർത്തനം കണ്ടെത്തിയ സാഹചര്യത്തിൽ ഈ വിപണന കേന്ദ്രത്തിന് പിഴ ചുമത്താൻ റിപ്പോർട്ട് നൽകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. ലീഗൽ മെട്രോളജിയുടെ പരിശോധനയിൽ ഇവിടെ പോപ്കോൺ ബില്ലിൽ അളവ് രേഖപ്പെടുത്തുന്നില്ലെന്ന് കണ്ടെത്തി. ഇതിൽ കേസെടുത്തു. ജി മാക്സിൽ വൃത്തിയോടെയാണ് ഭക്ഷണവസ്തുക്കൾ സൂക്ഷിച്ചതെങ്കിലും വിൽപനകേന്ദ്രത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെ അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശം നൽകി. ഭക്ഷ്യസുരക്ഷ, കോർപറേഷൻ ലൈസൻസുകൾ ഈ കേന്ദ്രത്തിന് ഉണ്ടായിരുന്നില്ല. കൂടാതെ, ഇവിടെ പോപ്കോൺ തൂക്കത്തിൽ കുറവ് കണ്ടതിന് ലീഗൽ മെട്രോളജി കേസെടുത്തു. 60 ഗ്രാം എന്ന് അവകാശപ്പെട്ടിരുന്ന പോപ്കോണിൽ 45 ഗ്രാം വരെയാണ് ഉണ്ടായിരുന്നത്. ഇവിടെ വിലനിലവാരപ്പട്ടിക കൃത്യമായിരുന്നു.
രണ്ടിടത്തും കുടിവെള്ളത്തിന് സാധാരണ വിലയാണ് ഈടാക്കിയിരുന്നത്. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സാന്ദ്ര ജോൺ, ഫ്ലൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ സൈലാസ്, അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ, ഇൻസ്പെക്ടർമാരായ ശ്രീകുമാർ, സജീവ് കുമാർ, ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായ ഉണ്ണി പിള്ള, മനു, ഒ.എമാരായ രാജീവ്, ദിനേശ്, ജില്ല സപ്ലൈ ഓഫിസർ സിന്ധു, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. അജീഷ്, എസ്. ആശ, നോഡൽ ഫുഡ് സേഫ്റ്റി ഓഫിസർ അനീഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
