വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 64 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് പിടിച്ചെടുത്തത്. ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പിൽ റജിസ്റ്റർ ചെയ്ത കേസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്. വീട്ടിൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ ആന്റോയെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
ഇന്നലെ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ കറൻസിയും ഇലക്ടോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. 67 ലീറ്റർ വിദേശമദ്യം, 6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, ഒരു മൊബൈൽ, ഒരു ലാപ്ടോപ്, ഒരു ടാബ്, ഒട്ടേറെ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തതെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം.
അതിനിടെ, മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കേസ് കളമശേരി പൊലീസിനു കൈമാറി. ഈ കേസിലും ആന്റോയെ ഉടൻ ചോദ്യം ചെയ്യും. നിയമപ്രകാരമാണ് എസ്ഐടി റിപ്പോര്‍ട്ടർ ചാനലിൽ റെയ്ഡ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
