തിരുവനന്തപുരം: റാഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. അനില്‍ അംബാനിയുടെ കടലാസ് കമ്പനിയ്ക്ക് യുദ്ധവിമാനം നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് തോമസ് ഐസക് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാന്‍ ഈ സമിതി അനിവാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

126 വിമാനങ്ങളുടെ വില കൊടുത്ത് 36 വിമാനങ്ങള്‍. പൊടുന്നനെ പൊട്ടിമുളച്ച അനില്‍ അംബാനിയുടെ കടലാസ് കമ്പനിയ്ക്ക് യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള കരാര്‍. ഏഴു പതിറ്റാണ്ടുകാലമായി ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എച്ച്എഎല്‍ എന്ന പൊതുമേഖലാ സ്ഥാപനം ദുരൂഹമായി പദ്ധതിയില്‍ നിന്ന് പുറത്ത്.

സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പൊതുമുതല്‍ ദുരുപയോഗത്തിന്റെയും കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറുകയാണ് റാഫേല്‍ ഇടപാട്.

വിശദീകരണങ്ങള്‍ക്കും ചുമതലപ്പെടുത്തിയിരിക്കുന്ന കേന്ദ്രമന്ത്രിമാരാകട്ടെ, വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് വൈരുദ്ധ്യങ്ങളുടെ ആഴം കൂട്ടുകയാണ്. സ്വന്തം നെറ്റിയ്ക്കു നേരെ ആരോപണത്തിന്റെ മുന നീണ്ടിട്ടും പ്രധാനമന്ത്രി ഇതേവരെ പ്രതികരിക്കുന്നില്ല.

എത്ര രൂപ നല്‍കിയാണ് റഫേല്‍ ഇടപാടു വഴി ഇന്ത്യ വിമാനം വാങ്ങുന്നത്? ആ ചോദ്യത്തിന് മറുപടി പറയാന്‍ ബന്ധപ്പെട്ടവര്‍ക്കു ബാധ്യതയുണ്ട്. ലളിതമായ ഈ ചോദ്യത്തിന് മറുപടി പറയാന്‍ എന്തിനാണ് കേന്ദ്രമന്ത്രിസഭയിലെ ചുമതലപ്പെട്ടവര്‍ പരുങ്ങുന്നത്?

സുരക്ഷാ കാരണങ്ങളാല്‍ വില വെളിപ്പെടുത്താനാവില്ലെന്നാണ് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറയുന്നത്. എന്തു സുരക്ഷ? ഒരു വിമാനത്തിന്റെ വില 1670 കോടിയെന്ന് കരാറിലെ പങ്കാളികളായ ദസ്സാള്‍ട്ടും റിലയന്‍സും വെളിപ്പെടുത്തിക്കഴിഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ രഹസ്യം, സ്വകാര്യകമ്പനികള്‍ അങ്ങാടിപ്പാട്ടാക്കി. ഏത് ആകാശമാണ് ഇടിഞ്ഞു വീണത്?

പൊതുസമൂഹത്തില്‍ നിന്ന് വിമാനവില മറച്ചുവെയ്ക്കാന്‍ പ്രതിരോധമന്ത്രാലയം വെമ്പുന്നതിനു കാരണം അഴിമതിയല്ലാതെ മറ്റെന്താണ്? യുപിഎ കാലത്ത് 526 കോടി രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചിരുന്ന വിമാനമാണ് 1670 കോടി രൂപയ്ക്ക് ഇപ്പോള്‍ വാങ്ങുന്നത്. ഒരു വിമാനത്തിന്റെ വിലയില്‍ത്തന്നെ ആയിരത്തില്‍പ്പരം കോടിയുടെ വ്യത്യാസം. വിശ്വസനീയമായ ഒരു ന്യായവും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയിട്ടില്ല.

അനില്‍ അംബാനിയുടെ റിലയന്‍സ് ഈ കരാറില്‍ എങ്ങനെ കയറിക്കൂടി എന്ന കാര്യത്തിലും തൃപ്തികരമായ വിശദീകരണമില്ല. യുപിഎ കാലത്ത് ഈ കരാറുമായി മുന്നോട്ടു പോയത് മുകേഷ് അംബാനിയുടെ റിലയന്‍സാണ്. 2014ല്‍ പ്രതിരോധനമേഖലയില്‍ നിന്ന് പിന്മാറാന്‍ മുകേഷ് അംബാനി തീരുമാനിച്ചതോടെ ദസ്സാള്‍ട്ടുമായുള്ള ബന്ധം ഇല്ലാതായി. അക്കാലത്ത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡും ചിത്രത്തിലുണ്ടായിരുന്നു. കരാര്‍ ഉറപ്പിച്ച 126 വിമാനങ്ങളില്‍ 108ഉം ദസാള്‍ട്ടും എച്ച്എഎല്ലും സംയുക്തമായി ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടത്.

ഈ സംരംഭത്തില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ വെട്ടിമാറ്റി അനില്‍ അംബാനിയുടെ തട്ടിക്കൂട്ടു കമ്പനിയെ പ്രതിഷ്ഠിക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് മോദി പ്രഖ്യാപിച്ചത് 2015 ഏപ്രില്‍ 10നാണ്. അതിന് പതിമൂന്നു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് സ്ഥാപിതമായത്. അന്നത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ മോദിയ്‌ക്കൊപ്പം അനില്‍ അംബാനിയുമുണ്ടായിരുന്നെന്നും വാര്‍ത്തകളുണ്ട്.

ഒരു കളിത്തോക്കുപോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത, ഒരു കടലാസ് കമ്പനിയ്ക്ക് ഇത്രയും വലിയൊരു കരാറില്‍ പങ്കാളിത്തമുണ്ടായതിനു പിന്നില്‍ ഇനിയും പുറത്തുവരാത്ത കാരണങ്ങളുണ്ട്.

ദുരൂഹതകളുടെ ചുരുളുകളെല്ലാം അഴിയണം. അതിനാവശ്യം സമഗ്രമായ അന്വേഷണമാണ്. അതിന് ഏറ്റവും ഉന്നതതലത്തില്‍ അന്വേഷണം വേണം. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാന്‍ ഈ സമിതി അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *