പരീക്ഷയിൽ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടി, ഐഐടി ബോംബെ വിദ്യാർഥി മരിച്ചനിലയിൽ

മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിയായ എം.എസ്.സി. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർഥി സഹിൽ വകോദയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ മൊബൈൽ ഫോൺ വഴി ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിയെ പിടികൂടിയത്. കോപ്പിയടിച്ചതിന് പിന്നാലെ അധ്യാപകനും എച്ച്.ഒ.ഡിയും വിദ്യാർത്ഥിയുമായി സംസാരിച്ചിരുന്നുവെന്നും, ഇതിന്റെ പേരിൽ അച്ചടക്ക നടപടികളോ ഭാവി പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളോ എടുക്കില്ലെന്ന് വിദ്യാർത്ഥിക്ക് ഉറപ്പുനൽകിയിരുന്നതായും ഐഐടി ബോംബെ വക്താക്കൾ അറിയിച്ചു.

കൗൺസിലിങ്ങിന് ശേഷം വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കോളേജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും വീഴ്ചകൾ ആരോപിച്ചുകൊണ്ട് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *