
കൊല്ലം∙ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനു വേണ്ടി പ്രചാരണ വിഡിയോ പുറത്തിറക്കിയ നാല് പൊലീസുകാർക്കെതിരെ നടപടി. യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിയുടെ പരാതിയിലാണ് പൊലീസുകാർക്ക് സ്ഥലം മാറ്റം. തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഐഷാ പോറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു.
കൊല്ലം റൂറൽ പൊലീസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ചിന്തു, പുത്തൂർ പൊലീസ് സ്റ്റേഷനിലെ സുജിത്, എഴുകോൺ പൊലീസ് സ്റ്റേഷനിലെ ശിവേഷ്, കൊട്ടാരക്കര സ്റ്റേഷനിലെ നജീബ് എന്നിവർക്ക് എതിരെയാണ് നടപടി. കൊല്ലം ജില്ലയില്‍നിന്നും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ദക്ഷിണ മേഖലാ ഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
