
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി (Sabarimala Aravana Shortage) അതിരൂക്ഷമാകുന്നു. കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെയാണ് അരവണ ക്ഷാമം നേരിട്ടിരിക്കുന്നത്. നിലവിൽ കേവലം 5,000 ടിൻ അരവണ മാത്രമാണ് ക്ഷേത്രത്തിൽ സ്റ്റോക്കുള്ളത്. എന്നാൽ ഇന്ന് മാത്രം ഓൺലൈൻ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് 15,000 ഭക്തരാണ്. ഓൺലൈൻ ബുക്കിംഗ് കൂടാതെ സ്പോട്ട് ബുക്കിംഗ് വഴി എത്തുന്നവരെയും കൂട്ടുമ്പോൾ ഇന്ന് 17,000-ത്തിലധികം ഭക്തർ സന്നിധാനത്ത് എത്തും.
അരവണ ക്ഷാമം രൂക്ഷമായതോടെ ഒരാൾക്ക് ഒരു ടിൻ അരവണ വീതം മാത്രമേ നൽകൂ എന്ന നിയന്ത്രണം ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം ഭക്തരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം താൽക്കാലികമായി നിർത്തിയത്. എന്നാൽ, മാസപൂജക്കുള്ള തിരക്ക് മുൻകൂട്ടി കണ്ട് കരുതൽ ശേഖരം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച ഉണ്ടായെന്നും ആരോപണം ഉയരുന്നുണ്ട്.
നട അടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ദൂരദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് പ്രസാദം ലഭിക്കാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്ന സമയത്ത് ഏകദേശം മൂന്ന് ലക്ഷത്തിലധികം ടിൻ അരവണയുടെ കരുതൽ ശേഖരമാണ് ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ തീർത്ഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് കരുതൽ ശേഖരം അതിവേഗം തീരാൻ കാരണമായി.
അരവണ ലഭിക്കുന്നതിനായി കൗണ്ടറുകളിൽ എത്തിയ ഭക്തർക്ക് ഒരാൾക്ക് ഒരു ടിൻ മാത്രമേ നൽകൂ എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ഇത് വലിയ പ്രതിഷേധമാണുണ്ടാക്കിയത്. നീണ്ട നിരയിൽ കാത്തുനിന്ന ശേഷമാണ് നിയന്ത്രണ വിവരം അറിയുന്നതെന്ന പരാതിയും തീർത്ഥാടകർ ഉന്നയിച്ചു. കഴിഞ്ഞ ദിവസവും അരവണ കൗണ്ടറിന് മുന്നിൽ ഭക്തർ ബഹളംവെച്ച് പ്രതിഷേധിച്ചിരുന്നു. സാധാരണയായി ഒരു തീർത്ഥാടകന് മൂന്ന് ടിൻ വരെ അരവണ ലഭിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ ഒരെണ്ണമായി ചുരുക്കിയത്.
നിലവിലുള്ള സ്റ്റോക്ക് പരമാവധി തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. അരവണ ഉൽപാദന പ്ലാന്റിൽ നിലവിൽ ഉൽപാദനം നടക്കുന്നില്ല. പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഉൽപാദനശേഷി വർധിപ്പിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
