
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ ചെന്നൈ പൊലീസിന് പരാതി നൽകി.
ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് ഇന്നു രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി രാധ പരാതി നൽകിയത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും രാധ പറഞ്ഞു.
ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകൾ താൻ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നെന്ന് രാധയുടെ പരാതിൽ പറയുന്നു. ബിസിനസ് ആവശ്യങ്ങൾക്കും വ്യക്തിപരമായ കാരണങ്ങൾ മൂലവും കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
രാധയുടെ പരാതിയിൽ പറയുന്നത്: ‘എആർഎസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസിന്റെ ആവശ്യങ്ങൾക്കായി സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു. യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ താൻ മുറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് 2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ‘ആർആർ ഗാർഡൻസ്’ എന്നാക്കി മാറ്റിയ ശേഷം ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങി. പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 17ന് ബാങ്കിൽനിന്ന് ഒരു ഇമെയിൽ ലഭിച്ചു. പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു മെയിൽ. ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും ചെക്കുകൾ അംബികയ്ക്ക് നൽകിയിട്ടില്ലെന്നും ചെക്കുകളുടെ പണമിടപാട് ഉടൻ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
