നാദാപുരത്ത് വന്യജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധന

കോഴിക്കോട്: കോഴിക്കോട്, നാദാപുരത്ത് പുലിയെന്ന് സംശയിക്കുന്ന വന്യജീവി‍യുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി വിവരം. ഒരു യുവാവിനും ഒരു വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്.

നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരാൾ ഫിനാന്റെ ബന്ധുവാണ്. പരിക്ക് സാരമല്ല.  വീടിനടുത്തെ പറമ്പത്തെ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്.

ആക്രമിച്ചത് പുലി ആണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു. ഫനാൻ ആക്രമിക്കപ്പെട്ട സ്ഥലത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളുണ്ട്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പുലി റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ സഹിതമാണ് നാട്ടുകാർ വാർത്ത പുറത്തുവിട്ടത്. ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വിവരമറിഞ്ഞ് വനംവകുപ്പ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ആളുകൾ സുരക്ഷിതമായി വീടുകളിൽ കഴിയാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും കെ.എം. അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *