Pooja Holiday 2026: പൂജാ അവധി, വേ​ഗം ബുക്ക് ചെയ്തോ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു, സമയക്രമം അറിയാം

പൂജാ അവധിക്ക് Pooja Holidays 2026 നാട്ടിലെത്താൻ കാത്തിരിക്കുന്നവർക്ക് ദക്ഷിണ റെയിൽവേയുടെ സന്തോഷ വാർത്ത. പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പൂജ, ദീപാവലി ഉത്സവകാലത്തെ അധിക തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ വിവിധ നഗരങ്ങളിലേയ്‌ക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ – കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബുക്കിങ് നടപടികൾ ആരംഭിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി കൈവശപ്പെടുത്താവുന്നതാണ്. ട്രെയിൻ സർവീസും സ്റ്റോപ്പുകളും മറ്റ് വിവരങ്ങളും വിശദമായി അറിയാം.

സ്പെഷ്യൽ ട്രെയിൻ സ്റ്റോപ്പുകളും സമയക്രമവും

ട്രെയിൻ നമ്പർ 06121 ചെന്നൈ എഗ്മോർ – കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ മൂന്ന്, 10, 17, 24, 31 തീയതികളിൽ രാത്രി 11:40ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 04:20ന് കൊല്ലത്ത് എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06122 കൊല്ലം – എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന് തീയതികളിൽ വൈകിട്ട് 06:45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് 11:35ന് ചെന്നൈയിലെത്തുന്ന രീതിക്കാണ് സമയക്രമം.

കേരളത്തിൽ 10 സ്റ്റോപ്പുകളിലാണ് ട്രെയിൻ നിർത്തുക. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ചെന്നൈ എഗ്മോറിൽ നിന്നുള്ള രണ്ടാമത്തെ സ്പെഷ്യൽ ട്രെയിൻ 06117 ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29 തീയതി വ്യാഴാഴ്ച്ചകളിലാണ് സർവീസ് നടത്തുക. രാത്രി 11:40ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 04:20ന് കൊല്ലത്ത് എത്തിച്ചേരും. മടക്കയാത്ര ട്രെയിൻ നമ്പർ 06118 കൊല്ലം – ചെന്നൈ – എഗ്മോർ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ രണ്ട്, ഒമ്പത്, 16, 23, 30 തീയതി വെള്ളിയാഴ്ച്ചകളിലാണ് സർവീസ് നടത്തുക. വൈകിട്ട് 06:45ന് കൊല്ലത്ത് പുറപ്പെട്ട് പിറ്റേന്ന് 12:30 ചെന്നൈയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ.

തിരുവനന്തപുരം നോർത്ത് – സന്ത്രാഗച്ചി എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ ഒക്ടോബർ 2, 9, 16, 23, 30 തീയതികളിലാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചയ്ക്ക് 2:15ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 1:45ന് സന്ത്രാഗച്ചിയിലെത്തും. മടക്കയാത്ര സന്ത്രാഗച്ചി- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് സ്‌പെഷ്യൽ ഒക്ടോബർ 5, 12, 19, 26, നവംബർ 2 തീയതികളിൽ സർവീസ് നടത്തും. സന്ത്രാഗച്ചിയിൽനിന്ന് ഉച്ചയ്ക്ക് 2:15ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ 9:55ന് തിരുവനന്തപുരം നോർത്തിൽ എത്തും.

18 എസി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുന്നതാണ് ഈ ട്രെയിൻ. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ട്രെയിൻ സന്ത്രാഗച്ചിയിലെത്തുക.

English Summary:

Amid , India Railways Announces Chennai To Kollam Special Train To Less Festival Rush. Check The Timings, Services And Booking Details Here.

Leave a Reply

Your email address will not be published. Required fields are marked *