വൈദ്യുതി പ്രതിസന്ധി; തൃശൂർ മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യുതി തടസ്സം മൂലം ശസ്ത്രക്രിയകൾ അടക്കം നിർത്തിവെച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് അധികൃതർ നൽകിയ നിർദേശം.

ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകൾ വരെ ആശുപത്രിയിൽ നടന്നിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളജ്.

നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകളാണ് (ഇലക്ടീവ്) നിർത്തിവെക്കാൻ നിർദേശം നൽകിയത്. അടിയന്തരമായി ചെയ്യേണ്ടതില്ലാത്ത, ഡോക്ടറും രോഗിയും ചേർന്ന് മുൻകൂട്ടി തീയതി തീരുമാനിക്കുന്ന ശസ്ത്രക്രിയകളാണ് തടസ്സപ്പെടുക. മെഡിക്കൽ കോളജിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ലിജോ കൊള്ളന്നൂർ മാധ്യമങ്ങളോട് വിശദീകരിച്ചു.

വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് ആശുപത്രിയിൽ വൈദ്യുതി തടസം നേരിട്ടുതുടങ്ങിയത്. ഇടക്കിടെ വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയുണ്ടായതോടെയാണ് ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ അധികൃതർ തീരുമാനിച്ചത്. ചില്ലർ പ്ലാന്റ്, കാത്ത് ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇതേത്തുടർന്ന് വിവിധ വകുപ്പ് മേധാവികളുമായി അടിയന്തര ചർച്ച നടത്തിയ ശേഷമാണ് അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ചയാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തത്. 4.73 കോടി രൂപ ചെലവഴിച്ച് നിർമിച്ച പത്ത് കിടക്കകളുള്ള സമഗ്ര സ്ട്രോക്ക് കെയർ യൂനിറ്റ്, പത്ത് കോടി രൂപയുടെ 1.5 ടെസ്‌ല എം.ആർ.ഐ സ്കാനിങ് സംവിധാനം, 1.20 കോടി രൂപ വകയിരുത്തി നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗം, 7.85 ലക്ഷം രൂപ ചെലവിൽ വിപുലീകരിച്ച സെൻട്രൽ മെഡിക്കൽ ഗ്യാസ് ആൻഡ് ഓക്സിജൻ പ്ലാന്റ് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പെയിൻ ആൻഡ് പാലിയേറ്റിവ് ഹൗസ് വിസിറ്റ്, ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക്ക്, ഉപകരണ സമാഹരണത്തിനായുള്ള ‘സുഗമം’ ക്രൗഡ് ഫണ്ടിങ് പദ്ധതി എന്നിവക്കും തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *