വൈരാഗ്യം തീർക്കാൻ യുവാവിനെ മയക്കുമരുന്ന് കേസിൽപെടുത്തിയ മൂന്നു പേർ റിമാൻഡിൽ

KOZHIKODE: വൈരാഗ്യം തീർക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെതിരെ മയക്കുമരുന്ന് കേസെടുപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. എരഞ്ഞിക്കൽ സ്വദേശി ശരൺ കുമാർ, പുതിയങ്ങാടി നെച്ചിക്കുളത്ത് രാകേഷ്, വെസ്റ്റ്ഹിൽ സ്വദേശി മണികണ്ഠൻ എന്നിവരെയാണ് ടൗൺ എസി.പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ എലത്തൂർ എസ്.എച്ച്.ഒ നിമിൻ കെ. ദിവാകരൻ, എസ്.കെ. പ്രവീൺകുമാർ എന്നിവർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിൽ പുതിയങ്ങാടി നെച്ചിക്കുളത്ത് കാർ അപകടത്തിൽ പെട്ടതിനെത്തുടർന്ന് രക്ഷിക്കാനെത്തിയ നാട്ടുകാരുമായി കാറിലുണ്ടായിരുന്ന യുവാക്കൾ തർക്കിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇവരെ കുറിച്ച് നാട്ടുകാർ എലത്തൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കാറിൽ ലഹരി മരുന്ന് ഉള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.

പൊലീസും നാട്ടുകാരും ചേർന്ന് കാറും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. മദ്യലഹരിയിലായിരുന്ന അവിനാഷ് പൊലീസുമായും നാട്ടുകാരുമായും തർക്കിച്ചു. തുടർന്ന് അവിനാഷിനെയും സുഹൃത്തിനെയും സ്റ്റേഷനിൽ കൊണ്ടുപോകുകയും മദ്യപിച്ച് വാഹനം ഓടിച്ചതിനും പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു വിട്ടയച്ചു. ഈ വിവരം അറിഞ്ഞ് അവിനാഷിനോട് വിരോധമുള്ള ശരൺകുമാറും മണികണ്ഠനും വൈരാഗ്യം തീർക്കാൻ മയക്കുമരുന്ന് കേസ് ചമക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് എത്തി ശരൺകുമാറിന്റെ സുഹൃത്തും പ്രദേശവാസിയുമായ രാകേഷിനോട് വിവരങ്ങൾ അന്വേഷിച്ചു. സ്ഥലത്തുനിന്നും ലഹരി മരുന്നൊന്നും കിട്ടിയില്ലെന്നും മയക്കുമരുന്ന് കിട്ടാത്തതിനാലാണ് പൊലീസ് വിട്ടയച്ചതെന്നും രാകേഷ് വെളിപ്പെടുത്തി.

ഇതേത്തുടർന്ന് വൈരാഗ്യം തീർക്കാൻ മയക്കുമരുന്ന് സംഘടിപ്പിച്ച് അപകടം നടന്ന സ്ഥലത്ത് കൊണ്ടിടുകയും തിരച്ചിലിൽ മയക്കുമരുന്ന് കണ്ടെത്തിയതായി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മയക്കുമരുന്ന് കസ്റ്റഡിയിലെടുത്ത എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് ഫോറൻസിന്റെ സഹായത്തോടെ പരിശോധിച്ചതിൽ വാഹനത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയും സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെയും പൊലീസ് കണ്ടെത്തിയത്. പ്രതികൾക്ക് വിവിധ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. എ.എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ അതുൽ, വൈശാഖ്, സജിേനഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *