
വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സിനിമാ – ടെലിവിഷൻ നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടു 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെ 8.5% പലിശയും ഉൾപ്പെടെ ചേരുമ്പോഴാണ് ആകെ തുക 1. 77 കോടി രൂപയോളമായി ഉയരുന്നത്. കോട്ടയം എംഎസിടി ജഡി പ്രസൂൺ മോഹനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ആശ്രിതർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണിതെന്നും വിനോദ രംഗത്ത് സജീവമായിരിക്കെ ഉണ്ടായ വിയോഗവും സുധിയുടെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ഉയർന്ന തുക നഷ്ടപരിഹാരമായി വിധിച്ചതെന്നും കേസിലെ നിയമപരമായ വശങ്ങൾ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ എംഎസിടി ഉത്തരവുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ വിധിയെന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. എ.ആർ.കലേഷ് കുമാർ, അഡ്വ. കെ.എസ്.ഹർഷാന എന്നിവർ പറഞ്ഞു.
സുധിയുടെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ആണ് നഷ്ടപരിഹാരത്തുക ലഭിക്കുക. നീണ്ടകാലമായി കേസില്‍ പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഉത്തരവിലെ വിശദമായ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
2023 ജൂൺ 5ന് പുലർച്ചെ വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്യമംഗലം പനമ്പിക്കുന്നിൽ വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പിക്കപ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
