പ്രസംഗിക്കുന്നതിനിടെ വൈദ്യുതി പോയി; പരിഹസിച്ച് പിണറായി വിജയൻ
സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോൾ

തിരുവനന്തപുരം: പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോൾ സർക്കാറിനെതിരെ പരിഹാസവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനിടെയായിരുന്നു സംഭവം.

ഇന്ന് രാവിലെ 10ന്‌ കോവളം ഏരിയ കമ്മിറ്റി ഓഫിസിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ. പ്രസംഗം തുടങ്ങി അൽപസമയത്തിനകം ലൈറ്റുകൾ ഓഫായി. എന്നാൽ, മൈക്ക് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ‘ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ…’ എന്നായിരുന്നു പിണറായിയുടെ പരിഹാസം. പകരം സംവിധാനം ഇല്ലേ എന്ന് മൈക്കിലൂടെ സംഘാടകരോട് ആരാഞ്ഞു. ഉണ്ടെന്നറിയിച്ചപ്പോൾ, ‘പകരം സംവിധാനം ഉണ്ട്, അതുകൊണ്ട് കുഴപ്പമില്ല’ എന്നായി അദ്ദേഹം. തുടർന്ന് ലൈറ്റ് തെളിയുന്നത് വരെ പ്രസംഗം നിർത്തി വേദിയിൽ ഇരുന്നു.

തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ഇന്ന് തുടങ്ങൂന്നത്. തിരുവനന്തപുരത്ത്‌ യോഗം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.

എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ 9.30ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനുസമീപം ആൽഫ പ്ലസ് ഓഡിറ്റോറിയത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വ്യാഴം വൈകിട്ട് അഞ്ചിന്‌ തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്ഷന്‌ സമീപം മാണിക്കനാംപറന്പ്‌ മൈതാനത്താണ്‌ പൊതുസമ്മേളനം.

തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ തൃശൂർ നളിനം ഓഡിറ്റോറിയത്തിൽ (ബേബിജോൺ നഗർ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുള്‍ഖാദര്‍ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

അതിനിടെ, 300 മെഗാവാട്ട് കടം കൊടുത്തു തീരുകയും പുതിയ വൈദ്യുതി വാങ്ങൽ കരാറുകൾ പ്രാബല്യത്തിൽ വരികയും ചെയ്യുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലെ മഴയുടെ സാഹചര്യത്തിൽ വിപണിയിൽ യഥേഷ്ടം വൈദ്യുതി ലഭ്യമായതും ഗുണകരമായി. എത്ര വിലകൊടുത്താലും വിപണിയിൽ വൈദ്യുതി കിട്ടാത്ത കടുത്ത പ്രതിസന്ധിയിൽ നിന്നും സ്ഥിതി മെച്ചപ്പെടുകയാണ്. മധ്യപ്രദേശിൽ നിന്നും പൊതുവിപണിയിൽ നിന്നും വൈദ്യുതി ലഭ്യമായതോടെ ഏതാനും ദിവസങ്ങളായി നിയന്ത്രണം ഒഴിവായിരുന്നു.

കൈമാറ്റ കരാർപ്രകാരം നൽകേണ്ട 300 മൊഗാവാട്ട് കൊടുത്തു തീർത്തു കഴിഞ്ഞാൽ ഒക്ടോബർ ഒന്ന് മുതൽ ഈ വൈദ്യുതി കേരളത്തിന് തന്നെ വിനിയോഗിക്കാനാകും. പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കാരാറുകൾ പുതുതായി വന്നിട്ടുണ്ട്.

ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും 150 മെഗാവാട്ട് ഡിസംബർ വരെ ലഭിക്കും. വരും മാസങ്ങളിലെല്ലാം വൈദ്യുതി ലഭ്യതക്കായി കരാറുകളായി. കൂടുതൽ വൈദ്യുതി കരാറുകൾക്കും ബോർഡ് ശ്രമം ആരംഭിച്ചു. ന്യൂക്ലിയർ പവർ കോർറേഷനിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യതക്കും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളിൽ 2564 ദശലക്ഷം യൂനിറ്റ് വൈദ്യൂതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അവശേഷിക്കുന്നു. തുലാവർഷം മെച്ചപ്പെട്ടാൽ ഇത് കൂടുതൽ മെച്ചപ്പെടും.

എൽനിനോ പ്രതിഭാസം ഉള്ളതിനാൽ വേനലിൽ ഉപയോഗം കൂടുതലായിരിക്കും. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നതിനാൽ ഉപയോഗം കുറവാണ്. അതുകൊണ്ട് തന്നെ പൊതുമാർക്കറ്റിൽ വൈദ്യുതി ലഭ്യതയുമുണ്ട്. വില വല്ലാതെ കൂടിയിട്ടുമില്ല. ഉത്തരേന്ത്യയിൽ തണുപ്പുകാലം ശക്തിപ്പെടുമ്പോൾ വൈദ്യുതി ലഭ്യത വീണ്ടും വർധിക്കും.

ഡിസംബർ വരെ ലഭിക്കുന്ന 500 മെഗാവാട്ടിന് പുറമെ ഒക്ടോബറിൽ 88 മെഗാവാട്ട്, നവംബറിൽ 240 മെഗാവാട്ട്, ഡിസംബറിൽ 384 മെഗാവാട്ട് എന്നിങ്ങനെ കരാറായിട്ടുണ്ട്. ഇതിന് റഗലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു. സെപ്തംബറിലേക്കാണ് അന്ന് പുതിയ കരാർ കിട്ടാതിരുന്നത്. ടെണ്ടറിൽ വന്ന നിരക്ക് യൂനിറ്റിന് 13 രൂപയോയാളമായതിനാൽ സംസ്ഥാനം മുന്നോട്ടുപോയതുമില്ല.

അതിനിടെ കേന്ദ്രം അനുവദിച്ച കൽക്കരിപാടം ഉപയോഗിച്ച് വൈദ്യൂതി നിർമിച്ച് നൽകാനുള്ള പദ്ധതിയിലേക്ക് കെ.എസ്.ഇ.ബി. ടെണ്ടർ ക്ഷണിച്ചു. ഇത് 500 മെഗാവാട്ടിന്‍റേതാണ്. നേരത്തെ ബൈതരണി കൽക്കരി അനുവദിച്ചവെങ്കിലും നിലയമുണ്ടാക്കാത്തതിനാൽ കേരളത്തിന് ഗുണം കിട്ടിയില്ല. ചീമേനിയിൽ നിലയമുണ്ടാക്കാനുള്ള നീക്കം പ്രദേശിക എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഈ കൽക്കരി പാടം പിന്നീട് കേന്ദ്രം തിരിച്ചെടുക്കുകയായിരുന്നു. ശക്തി – 4 പദ്ധതിയടെ ഭാഗമായാണ് കൽക്കരി അനുവദിച്ചത്. അടുത്ത വർഷം ജൂണിൽ വൈദ്യുതി ലഭ്യമാകുന്ന വിധമാണ് ടെണ്ടർ.

Leave a Reply

Your email address will not be published. Required fields are marked *