
വയനാട്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നാണ് സൂചന. കേസിൽ അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ മാസം16-ന് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം എക്സൈസ് സംഘം പിടികൂടിയത്.
എന്നാൽ, വാഴവറ്റയിലെ വീട് തന്റേതല്ലെന്നാണ് ആന്റോ അഗസ്റ്റിൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. 2022-ൽ ജപ്തി ചെയ്ത ഈ വീട് പിന്നീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ലില്ലി ജോസിനെ ചോദ്യം ചെയ്യാൻ എക്സൈസ് സംഘം തീരുമാനിച്ചു. തുടർന്ന് നോട്ടിസ് നൽകാനായി എക്സൈസ് സംഘം ലില്ലിയുടെ സുൽത്താൻ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
എക്സൈസ് പരിശോധനയിൽ ആന്റോയുടെ വീട്ടിൽ നിന്ന് പലതരത്തിലുള്ള 65 ലിറ്ററിലധികം മദ്യമാണ് പിടിച്ചെടുത്തത്. പലതരത്തിലുള്ള അബ്കാരി വകുപ്പുകളുടെ ലംഘനം ഇതിൽ ആരോപിക്കപ്പെടുന്നുണ്ട്.
