2018ലെ മാനനഷ്ടക്കേസ്; ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: 2018ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാത്ത വാറണ്ട് നേരത്തെ പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച കർശന നടപടിയുണ്ടായത്. സാങ്കേതിക നടപടികൾക്കൊടുവിൽ സാകേത് കോടതിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് അമൻ റെയ്സ് ഖാനാണ് വാറണ്ട് പുറപ്പെടുവിച്ചത്. നടപടിക്രമങ്ങൾക്കിടെ ധ്രുവ് റാഠിയോ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനോ ഹാജരായില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസിൽ അടുത്ത വാദം കേൾക്കൽ ഡിസംബർ മൂന്നിലേക്ക് മാറ്റി. വർഷങ്ങളായി നിലനിൽക്കുന്ന കേസിൽ ധ്രുവിന്‍റെ ഹാജർ ഉറപ്പാക്കാൻ കോടതി ഏറെ പ്രയാസപ്പെടുന്നതിനിടയിലാണ് ഈ ഉത്തരവ്. 2018 മെയ് മാസത്തിൽ ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ‘ബിജെപി ഐടി സെൽ പാർട്ട് 2’ എന്ന വിഡിയോയുമായി ബന്ധപ്പെട്ട് വികാസ് സംസ്കൃത്യായൻ നൽകിയ ക്രിമിനൽ മാനനഷ്ട പരാതിയാണ് കേസിന് ആധാരം.

തന്റെ പ്രശസ്തി തകർക്കുന്നതിനായി ബിജെപിയുടെ ഐടി സെല്ലിലെ അംഗങ്ങൾ സംസ്കൃത്യായന് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നായിരുന്നു വിഡിയോയിലെ ആരോപണം. ഈ ആരോപണങ്ങൾ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ ശ്രദ്ധ നേടിയത്. തുടർന്ന് ധ്രുവ് റാഠിക്കും കെജ്‌രിവാളിനുമെതിരെ സംസ്കൃത്യായൻ മാനനഷ്ട നടപടികൾ ആരംഭിച്ചു. പിന്നീട്, വിഡിയോ പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെജ്‌രിവാൾ കോടതിയിൽ സമ്മതിക്കുകയും, തുടർന്ന് അദ്ദേഹത്തിനെതിരെ പ്രത്യേക നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ വിഡിയോയുടെ നിർമാതാവും പ്രസാധകനുമായ ധ്രുവ് റാഠിക്കെതിരായ പരാതി തുടർന്നു.

2019 ജൂലൈയിലാണ് കോടതി ധ്രുവ് റാഠിക്ക് ആദ്യമായി നോട്ടീസ് അയച്ചത്. സമൻസുകളോ നേരത്തെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടോ ധ്രുവ് സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. കേസ് വേഗത്തിലാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 12ന് കോടതി വീണ്ടും സമൻസ് അയച്ചിരുന്നു. സാധാരണയായി ജർമ്മനിയിൽ താമസിക്കുന്ന ധ്രുവ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതാണെന്നും, ഗുരുഗ്രാമിലെ സെക്ടർ 56ലുള്ള വിലാസത്തിലാണ് താമസിക്കുന്നതെന്നും പരാതിക്കാരന്റെ അഭിഭാഷകൻ സമക്ഷ് ശർമ്മ അന്ന് കോടതിയെ അറിയിച്ചിരുന്നു.

Advertisement

കഴിഞ്ഞ വാദം കേൾക്കലിനിടെ, ഗുരുഗ്രാമിലെ വിലാസത്തിന് പകരം ആസ്ട്രിയയിലെ തെറ്റായ വിലാസത്തിലേക്കാണ് മുൻ വാറണ്ട് അയച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ ധ്രുവ് റാഠി ഇന്ത്യ വിട്ട് വിദേശത്തേക്ക് മടങ്ങിയതായും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *