
ബെംഗളൂരു: ബെംഗളൂരുവിൽ ‘റാപ്പിഡോ പിങ്ക്’ ബൈക്ക് ടാക്സിയിലെ യാത്രയ്ക്കിടെ ദുരനുഭവം നേരിട്ടതായി തുറന്ന് പറഞ്ഞ് യുവതി. യാത്ര അവസാനിച്ചപ്പോൾ ഡ്രൈവർ തൻ്റെ കൈയിൽ കയറിപ്പിടിച്ചുവെന്നും, തുടർന്ന് താൻ താമസിക്കുന്ന ഫ്ലാറ്റിന് പുറത്ത് ഏറെ നേരം ചുറ്റിത്തിരിഞ്ഞുവെന്നും യുവതി ആരോപിച്ചു. ശ്രിഷ്ടി എന്ന യുവതിയാണ് എക്സിലൂടെ ബുക്കിംഗ് വിവരങ്ങളുടെയും പണമിടപാടിൻ്റെയും സ്ക്രീൻഷോട്ടുകൾ സഹിതം ഒപങ്കുവച്ചുകൊണ്ട് അനുഭവം തുറന്നുപറഞ്ഞത്.
മഴയായതിനാൽ യാത്ര പോകണോ എന്ന കാര്യത്തിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാൽ മഴ കാരണം ബുക്കിംഗ് റദ്ദാക്കരുതെന്ന് ഡ്രൈവർ ആവർത്തിച്ച് അഭ്യർത്ഥിച്ചതോടെയാണ് യാത്ര തുടർന്നത്. യാത്രയ്ക്കിടെ ഡ്രൈവർ അമിതമായി സൗഹൃദം നടിക്കാൻ ശ്രമിച്ചതായി ശ്രിഷ്ടി ആരോപിച്ചു. താൻ ഇയർഫോൺ വെച്ചിരുന്നു. എന്നിട്ടും യാത്ര സുഖകരമാണോ എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു എന്ന് യുവതി പറയുന്നു.
യുവതി താമസിക്കുന്ന റസിഡൻഷ്യൽ സൊസൈറ്റിക്ക് മുന്നിൽ എത്തിയപ്പോഴാണ് കൂടുതൽ മോശമായ അനുഭവമുണ്ടായത്. ഹെൽമറ്റ് തിരികെ നൽകിയ സമയത്ത് ഡ്രൈവർ യുവതിയുടെ കൈ കുറെ നേരം പിടിച്ചുവെക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ചിരിക്കുകയും ചെയ്തു. തുടർന്ന് പണം നൽകാനായി ക്യുആർ കോഡ് ചോദിച്ചപ്പോൾ മഴ കാരണം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഡ്രൈവർ യുവതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. എന്നാൽ ക്യുആർ കോഡ് വഴി മാത്രമേ പണം നൽകൂ എന്ന് യുവതി വ്യക്തമാക്കുകയായിരുന്നു.
ഡ്രൈവറുടെ പെരുമാറ്റം കാരണം ഉടൻ തന്നെ ഫ്ലാറ്റിനുള്ളിലേക്ക് കയറിപ്പോകാൻ യുവതിക്ക് ഭയം തോന്നി എന്ന് യുവതി പറയുന്നു. തുടർന്ന് 15 മിനിറ്റോളം യുവതി പുറത്തുനിന്നു, ഡ്രൈവർ അപ്പോഴും അവിടെനിന്ന് പോയിരുന്നില്ല. ഇതോടെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറയുകയും ഡ്രൈവറോട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഫോൺ ഉപയോഗിക്കുകയാണെന്ന കാരണം പറഞ്ഞ് അയാൾ അഞ്ച് മിനിറ്റോളം വീണ്ടും അവിടെത്തന്നെ തുടർന്നു. പത്ത് മിനിറ്റിന് ശേഷം സെക്യൂരിറ്റി ജീവനക്കാരൻ രണ്ടാമതും കർശനമായി ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവർ സ്ഥലം വിട്ടത്.
യുവതിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പോലീസും റാപ്പിഡോ അധികൃതരും വിഷയത്തിൽ ഉടൻ ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പെരുമാറ്റങ്ങൾ ഗൗരവമായി കാണുന്നുവെന്നും ഡ്രൈവറെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്താക്കിയതായും റിപ്പിഡോ അറിയിച്ചു.
