
കൊച്ചി: മലിനമായ പുകയിൽ ശ്വാസംമുട്ടി കൊച്ചി നഗരപ്രദേശങ്ങൾ. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്, ഏലൂര് മേഖലകളിലാണ് ഉയര്ന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ രാവിലെ ആറു മുതല് എട്ടുവരെ കോടമഞ്ഞിന് സമാനമായ രീതിയില് കാണുന്നത് അപകടകരമായ പുകയാണെന്നും ഇത് ശ്വസിക്കുന്നത് ദിവസം എട്ടു സിഗരറ്റുകള് വലിക്കുന്നതിന് തുല്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
പൂജ്യം മുതല് 50 വരെയാണ് ഒരു മനുഷ്യന് ശ്വസിക്കാന് അനുയോജ്യമായ വായു ഗുണനിലവാരം. നിലവിൽ 153 ആണ് കൊച്ചിയിലെ വായുഗുണനിലവാരം. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഏകദേശം 150 – 175 നിലവാരത്തിലാണ് ഉണ്ടാകാറുള്ളത്. ചില സമയങ്ങളിൽ ഇത് കൂടുതൽ ഉയരുന്നതായും വരും മണിക്കൂറുകളില് 200 കവിയുന്ന സ്ഥിതിയിലാകാമെന്നും, പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊച്ചിയില് രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വായുഗുണനിലാവാര സൂചിക 248 ആണ്.
വാഹനപെരുപ്പം, ഗതാഗതകുരുക്ക്, നിര്മാണ പ്രവര്ത്തനങ്ങള്, വർധിച്ച വ്യവസായശാലകള് എന്നിവയാണ് വിഷപ്പുക ഉയരാന് പ്രധാന കാരണങ്ങളായി പറയുന്നത്. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരങ്ങളില് 91ാം സ്ഥാനത്താണ് കൊച്ചി. ഏലൂർ, ഇടയാർ, അമ്പലമുകൾ തുടങ്ങിയ മേഖലകളിൽ വ്യവസായങ്ങൾ കൂടുതലുള്ളതിനാൽ അത് ആ ഭാഗത്തെ മലിനീകരണത്തിന് ആക്കം കൂട്ടുന്നു. ആശങ്കപ്പെടേണ്ടതില്ലെന്നും വായുമലിനീകരണത്തില് നിന്നും മുക്തി നേടാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
