ആഹാരം കട്ടൻചായയും ബിസ്കറ്റും മാത്രം; രണ്ടുവയസ്സുകാരന്റെ മരണം അനീമിയ മൂലം, മറ്റു കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പറയുന്നതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.

രണ്ടു വയസ്സുകാരന്റെ മരണത്തെത്തുടർന്നു മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുൽ. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. രാജേഷിന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെ മറ്റു നാലു മക്കൾക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.

അതേസമയം, വൃത്തിഹീനമായ സഹചര്യത്തിലാണ് കുട്ടികളെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. കുട്ടിയെ പരിചരിക്കാനും ഭക്ഷണം നൽകാനും സമീപവാസികൾ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ താൽപര്യം കാട്ടിയില്ല. മാതാപിതാക്കൾ ഭക്ഷണം കൊടുക്കില്ല. പാൽ വാങ്ങി വെള്ളം ചേർത്ത് മൂത്ത കുട്ടികളുടെ കൈയിൽ കൊടുക്കും. അച്ഛനും അമ്മയും ചെറിയ കുട്ടികളെ നോക്കില്ല. മൂത്ത കുട്ടികളാണ് നോക്കിയിരുന്നത്. അയൽവാസികളാണ് ഭക്ഷണം കൊടുത്തിരുന്നത്. 9 വയസ്സുള്ള കുട്ടിയെ കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നതെന്നും അയൽവാസി പറയുന്നു. കുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും മാതാപിതാക്കളുടെ കൂടെ അയക്കരുതെന്നും നാട്ടുകാർ പറയുന്നു. കുട്ടികളെ തനിച്ചാക്കി ദമ്പതികൾ പുറത്തേക്ക് പോകും. രാത്രി 12 മണി ആകുമ്പോഴാണ് വരുന്നത്. അതുവരെ അയൽക്കാരാണ് കുട്ടികളെ സംരക്ഷിക്കുന്നത്.

കുട്ടികളെ പഠിക്കാൻ വിടാതെ നിർത്തിയിരിക്കുകയായിരുന്നു. കുട്ടികളുടെ ജനന തീയതി പോലും അമ്മക്ക് അറിയില്ല. സ്ഥിരമായി കട്ടൻ ചായയിൽ ബിസ്കറ്റ് കലക്കി കൊടുക്കും. അതു മാത്രമാണ് ആഹാരം. ഇതു സ്ഥിരമായപ്പോൾ വാടക വീടിന്റെ ഉടമ മുമ്പ് പൊലീസിനെ അറിയിച്ചിരുന്നു. അയൽവാസികളാണ് അന്ന് രാഹുലിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തത്. കുട്ടികൾക്ക് വാക്സിനും എടുത്തിട്ടില്ല, എത്ര വയസ്സായി എന്നു പോലും മാതാപിതാക്കൾക്ക് അറിയില്ലെന്നും നാട്ടുകാർ പറയുന്നു. മൂന്നു വർഷം മുമ്പ് ഇവരുടെ മറ്റൊരു ആൺകുട്ടിയും മരിച്ചിരുന്നു. ഗർഭിണിയായ താരയെയും മക്കളെയും കഴിഞ്ഞ ആഗസ്റ്റിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. എന്നാൽ, താര ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഒന്നര ആഴ്ചക്ക് ശേഷം ഇവരെ തിരികെ വീട്ടിലേക്ക് വിട്ടുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനായി ശിശുക്ഷേമ സമിതി വീട്ടുകാരെ സമീപിച്ചിരുന്നെങ്കിലും താരയും രാജേഷും ഇതിനു തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *