പെട്രോളിൽ എഥനോളിന്റെ അളവ്; സാംപിൾ നൽകാൻ മടിച്ച് എണ്ണക്കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കാൻ ശുദ്ധമായ പെട്രോളിന്റെ സാംപിൾ നൽകാൻ കൂട്ടാക്കാതെ എണ്ണക്കമ്പനികൾ.

തുടക്കത്തിൽ സാംപിളുകൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് അവ കൈമാറുന്നതിൽനിന്ന് പിന്മാറുകയായിരുന്നുവെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളിൽനിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാംപിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമേ ഇത്തരം സാംപിളുകൾ ലഭ്യമാക്കാൻ കഴിയൂ. ശുദ്ധമായ പെട്രോൾ സാംപിളുകൾ ലഭ്യമാക്കാൻ മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽനിന്ന് പെട്രോൾ സാംപിളുകൾ ശേഖരിച്ചു.

സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോൾ പാലിച്ചാണു സാംപിളുകൾ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ശേഖരിച്ച സാംപിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാംപിളുകൾ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതർ അറിയിച്ചത്. എന്നാൽ ഈ സാംപിളുകൾ നൽകാനാണ് എണ്ണക്കമ്പനികൾ വിമുഖത കാട്ടുന്നത്.

Advertisement

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ തകർക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യമെന്നു മന്ത്രി പറയുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയിലധികം എഥനോൾ കലർത്തുന്നുണ്ടോയെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, പരിശോധന കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോൾ സാംപിളുകൾ എണ്ണക്കമ്പനികളിൽനിന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *