ജൂതപ്പള്ളി ​തീവെപ്പ്: നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ; തീയിടാൻ ക്വട്ടേഷൻ നൽകിയത് വിക്രം, പരിചയപ്പെട്ടത് ഓൺലൈനിലൂടെ

കോലഞ്ചേരി: എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂതപ്പള്ളി ​തീവെപ്പ് കേസിൽ നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ. വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പ്രതി അന്വേഷണസംഘത്തിന് മൊഴി നൽകി. ഓൺലൈൻ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പൊലീസിനോട് പറഞ്ഞു.

തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ ബി പോൾ (32) താമസിക്കുന്ന വടയമ്പാടി പത്താംമൈൽ ജിഞ്ചർ കൗണ്ടി വില്ലയിലെ 10 എയിൽ പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തീയിടാൻ തനിക്ക് ‘ബോസ്’ എന്നയാളാണ് നിർദേശം നൽകിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. വിക്രം ആണോ ഈ ബോസ് എന്ന് അന്വേഷണസംഘം പരിശോധിക്കും.

അതിനിടെ, പ്രതിയുടെ വീട്ടിൽ നിന്ന് വൻ രാസലഹരി ശേഖരം കണ്ടെത്തിയിരുന്നു. ഏഴ് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കളാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.

പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചില രേഖകൾ ഇയാളുടെ ഫോണിൽനിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം സൂചന നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനോട് ചേർന്നുള്ള നഴ്സറിയുടെ മുൻ ഭാഗത്ത് തീ കൊളുത്തിയത്. കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് സിനഗോഗ് ലക്ഷ്യമാക്കി കൈയിലിരുന്ന പെട്രോൾ നിറച്ച കാനുമായി പോകുന്നതും നഴ്സറിയിലേക്ക് പെട്രോൾ മുഴുവനായി ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അകലേക്ക് മാറിനിന്ന് തീ എറിഞ്ഞ് കത്തിക്കുകയായിരുന്നു. ഇതെല്ലാം സ്വയം വിഡിയോയിൽ പകർത്തി.

കൂടാതെ, ഈ വിഡിയോ ചിലർക്ക് അയച്ചതായും പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ഡബ്ല്യു ഹെറോയിൻ, ബി ഹെറോയിൻ, ഓക്സികോഡോൺ, ഫെന്റാനിൽ, അൽപ്രാസോലം, കെറ്റാമിൻ, കെ റോക്ക് എന്നി ലഹരിവസതുക്കൾ കണ്ടെത്തിയത്. ഇവയുടെ കൃത്യമായ സ്വഭാവവും ലഹരിപദാർഥങ്ങളുടെ സാന്നിദ്ധ്യവും ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടവും ഇവ മറ്റാർക്കെങ്കിലും വിതരണം ചെയ്തിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനുമായി അന്വേഷണം ഊർജിതമാക്കി.

ജൂതപ്പള്ളി കത്തിച്ച കേസിന് പുറമേ ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഇതേ രീതിയിൽ തീയിട്ടതായി എബിൻ സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ ഫോണിൽ കണ്ടെത്തിയ ആശയവിനിമയങ്ങളിൽ യഹൂദ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ ലക്ഷ്യങ്ങളെ സംബന്ധിച്ച പരാമർശങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന് പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളോ സംഘടിതമായ ആസൂത്രണമോ ഉണ്ടായിട്ടുണ്ടോ എന്നത് ഗൗരവമായി അന്വേഷിച്ചുവരുന്നു. ഇത്തരം ബന്ധങ്ങളുടെ യഥാർഥ സ്വഭാവം, സന്ദേശങ്ങൾ അയച്ച വ്യക്തികളുടെ തിരിച്ചറിയൽ, സാമ്പത്തിക ഇടപാടുകൾ, മറ്റ് കുറ്റകൃത്യങ്ങളുമായുള്ള ബന്ധം എന്നിവ വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *