നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്, വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ വിദഗ്ധ പരിശോധനയ്ക്കായി ജർമനിയിലേക്ക് അയക്കുന്നു

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകട കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) കൂടുതൽ പരിശോധനയ്ക്കായി വാഹന നിർമാതാക്കൾ ജർമനിയിലേക്ക് അയക്കും.

വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങൾ ഇഡിആറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിലെ വിവരങ്ങൾ പൂർണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജർമനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാർട്ടേഴ്സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം.

അപകടസമയത്ത് വാഹനം മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെത്തുടർന്ന് കുടുംബം മേൽക്കോടതികളെ സമീപിക്കാനൊരുങ്ങുകയാണ്. വാഹനത്തിന്റെ ആർസി ഉടമയായ അമ്മയെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിലുണ്ടായ ഈ അപകടത്തിൽ ഇയ്യാസ്, ദേവിക, ഗോപിക എന്നീ മൂന്ന് പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *