അമുസ്‍ലിംകൾ ഇല്ലാത്ത വഖ്ഫ് ബോർഡ് നിയമവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി അധ്യക്ഷനായ ഒമ്പതംഗ ബോർഡിൽ അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതാണ് രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കെ.എസ്. ഹംസയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച വഖഫ് ബോർഡ് പിരിച്ചുവിട്ടാണ് യു.ഡി.എഫ് സർക്കാർ പുതിയ ബോർഡിനെ നിയമിച്ചത്. മാർച്ചിൽ നിലവിൽവന്ന മുൻ ബോർഡിന് നാലുവർഷത്തിലേറെ കാലാവധി ശേഷിക്കെയാണ് ഒക്ടോബർ 16ന് സർക്കാർ പുനഃസംഘടന ഉത്തരവ് പുറപ്പെടുവിച്ചത്.

മുസ്‌ലിം ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, സിറാജ് ഡി. കാപ്സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൽ മജീദ് സലാഹി, സി. മദീന ബീഗം എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

അതേസമയം, വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് രണ്ട് അമുസ്‌ലിം അംഗങ്ങളുടെ നിയമനം മാറ്റിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധിക്കനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

മുൻ ബോർഡ് അധ്യക്ഷൻ കെ.എസ്. ഹംസ പുനഃസംഘടന ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. നിയമപ്രകാരമാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *