ചേരാനല്ലൂർ അപകടം: അഡിഷനൽ ജഡ്ജി സ്റ്റേഷനിൽ നേരിട്ടു പോയത് വീഴ്ച; പതിനേഴുകാരന്റെ പിതാവിനെതിരെ റിപ്പോർട്ട്

കൊച്ചി: പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ, കുട്ടിയുടെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോർട്ട്ഫോളിയോ ജഡ്ജ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ചീഫ് ജസ്റ്റിസിനു കത്തു നൽകി. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.

ഔദ്യോഗിക ജോലിയുടെ ഭാഗമായല്ലാതെ ജുഡീഷ്യൽ ഓഫിസർ പൊലീസ് സ്റ്റേഷനിൽ നേരിട്ടുപോകുന്നത് സുപ്രീം കോടതി വിലക്കിയിട്ടുള്ളത് ഉൾപ്പെടെ പരിഗണിച്ചാകും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. ഇന്ന് തീരുമാനം ഉണ്ടാകും. അഡിഷനൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനാണ് (55) ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199എ വകുപ്പു ചുമത്തിയാണു കേസ്. 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ്, അപകടമുണ്ടായി 32 മണിക്കൂറിനു ശേഷം പൊലീസ് കേസെടുത്തത്. എന്നാൽ, ജഡ്ജിക്കെതിരെയുള്ള നടപടിക്കു ഹൈക്കോടതിയുടെ അനുമതി തേടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നു പൊലീസ് പറയുന്നു. ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെയും ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അടിയന്തര ഇടപെടലുണ്ടാകുമെന്നു മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഉറപ്പിൽ രാത്രി ഒൻപതോടെ സമരം അവസാനിപ്പിച്ചു. ഇന്ന് എഡിജിപി പി.വിജയൻ കുടുംബത്തെ കാണും.

Leave a Reply

Your email address will not be published. Required fields are marked *